05:45pm 29 April 2026
NEWS
സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു
02/08/2025  11:59 AM IST
nila
സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കുമാണ് ബിലാസ്പുർ എൻഐഎ പ്രത്യേക കോടതിയാണ്  ജാമ്യാപേക്ഷയിൽ ഇന്നു വിധി പറഞ്ഞത്.  പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്. ഇന്നലെതന്നെ ജാമ്യാപേക്ഷയിൽ പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 

കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img