
ദോഹ:പത്രപ്രവർത്തകരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ മാധ്യമങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (NHRC) അറിയിച്ചു.
എൻ.എച്ച്.ആർ.സി. ചെയർപേഴ്സൺ മര്‍യം ബിൻത് അബ്ദുള്ള അൽ അത്തിയ്യ ഖത്തർ അൽ ജസീറ മീഡിയ നെറ്റ്വർക്ക് ഡയറക്ടർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഫൈസൽ ബിൻ ഖലീഫ അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. മനുഷ്യാവകാശ വിഷയങ്ങളിലും മാധ്യമരംഗത്തുമുള്ള സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സംയുക്ത പദ്ധതികൾ ആരംഭിക്കുന്നതിനുമാണ് കൂടിക്കാഴ്ചയിൽ ചർച്ച നടന്നത്.
“Protecting Journalists in Armed Conflicts” എന്ന തലക്കെട്ടിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച. സമ്മേളനം എൻ.എച്ച്.ആർ.സി.യും അൽ ജസീറ സെന്റർ ഫോർ പബ്ലിക് ലിബർട്ടീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ചു.
പത്രപ്രവർത്തകരുടെ പ്രൊഫഷണൽ സുരക്ഷ, സംഘർഷ മേഖലകളിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വം, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കാനുള്ള മീഡിയയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ചയിലുണ്ടായിരുന്നു.
മാധ്യമ പ്രവർത്തകരുടെ മനുഷ്യാവകാശ റിപ്പോർട്ടിംഗിൽ കഴിവ് വർധിപ്പിക്കുന്നതിനായി വർക്ക്ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾ ആരംഭിക്കാനും ഇരുപക്ഷവും ധാരണയായി.
മാധ്യമങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നത് മനുഷ്യാവകാശ ബോധവൽക്കരണത്തിനുംഉത്തരവാദിത്തത്തിനുമുള്ള തന്ത്രപ്രധാനമായ നീക്കമാണെന്ന് മര്‍യം അൽ അത്തിയ്യ പറഞ്ഞു. ഗ്ലോബൽ തലത്തിൽ അൽ ജസീറയുടെ പ്രാധാന്യവും, വ്യാപകമായ മാധ്യമ സ്വാധീനവുമാണ് അവരെ പ്രത്യേകമായി ശ്രദ്ധേയരാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അൽ അത്തിയ്യ തജികിസ്ഥാൻ മനുഷ്യാവകാശ കമ്മീഷണർ ഉമിദ് ബബസാദെ, ഖത്തറിലെ തജികിസ്ഥാൻ അംബാസഡർ നുർമുറോഡ് മഹ്മദാലി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പത്രപ്രവർത്തകരുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുമെന്നും അവർ ഉറപ്പുനൽകി.
സമ്മേളനത്തിന്റെ ശുപാർശകൾ നടപ്പാക്കാനും മാധ്യമപ്രവർത്തകരുടെ നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും മേഖലാ-അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എൻ.എച്ച്.ആർ.സി. വ്യക്തമാക്കി.











