
ദോഹ: ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മിറ്റിയുടെ (എൻഎച്ച്‌ആർസി) നേതൃത്വത്തിൽ ഖത്തർ മനുഷ്യാവകാശ ദിനം ആഘോഷിച്ചു. 2002-ൽ കമ്മിറ്റിയുടെ രൂപീകരണത്തോടൊപ്പം ആരംഭിച്ച ഈ ദിനാഘോഷം ഇത്തവണ 23ാം വർഷത്തിലേക്ക് കടക്കുകയാണ്.
ചെയർപേഴ്സൺ മറിയം ബിന്ത് അബ്ദുള്ള അൽ അത്തിയ നേതൃത്വം നൽകിയ ചടങ്ങിൽ മനുഷ്യാവകാശ രംഗത്ത് ഗണ്യമായ സംഭാവനകളുമായി മുന്നേറിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു. ഖത്തറിന്റെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും നേതൃത്വം നൽകുന്ന എൻഎച്ച്‌ആർസി, കഴിഞ്ഞ വർഷം സ്ത്രീകൾ, കുട്ടികൾ, വൈകല്യമുള്ളവർ, മുതിർന്നവർ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി അഞ്ച് പുതിയ യൂണിറ്റുകൾ ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്തുകയും ഖത്തറിന്റെ ആഗോള മനുഷ്യാവകാശ പ്രതിബദ്ധത പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് കമ്മിറ്റിയുടെ മുഖ്യലക്ഷ്യമെന്ന് അൽ അത്തിയ പറഞ്ഞു.










