
ന്യൂഡൽഹി: കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനും ബന്ധപ്പെട്ട ഏജൻസികൾക്കും എതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. ദേശീയ പാത 66-ലെ കൊല്ലം–കടമ്പാട്ടുകോണം സെക്ഷനിൽ മൈലക്കാടിന് സമീപം സംരക്ഷണഭിത്തി തകർന്ന സംഭവത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കരാറുകാരനും ബന്ധപ്പെട്ട ഏജൻസികൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി.
പ്രധാന കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസിനും സ്വതന്ത്ര എൻജിനിയറിംഗ് നിരീക്ഷണം നടത്തിയ ഫീഡ്ബാക്ക് ഇൻഫ്രയും സത്ര സർവീസസിനും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്കാണ് സസ്പെൻഷൻ. ഈ കാലയളവിൽ ദേശീയപാതയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ഇവർക്ക് പങ്കെടുക്കാനാവില്ല. കൂടാതെ, പ്രോജക്ട് മാനേജരെയും റെസിഡന്റ് എൻജിനിയറെയും മാറ്റി.
കരാറുകമ്പനിയെ മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്യണോ, പിഴ ഈടാക്കണോ എന്നതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. എൻജിനിയറിംഗ് വിഭാഗത്തേക്കുള്ള ശിക്ഷാനടപടിയും പരിഗണനയിലാണ്. ഈ തീരുമാനത്തെക്കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവ സ്ഥലം പരിശോധിക്കാൻ ഐഐടി കാൻപൂരിലെ ഡോ. ജിമ്മി തോമസിനെയും, ഐഐടി പാലക്കാട് സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. സുധീഷ് ടി.കെയെയും നിയോഗിച്ച് വിദഗ്ധസംഘം നിർദ്ദേശിച്ചിട്ടുണ്ട്. അതോറിറ്റി ഉദ്യോഗസ്ഥർക്കുതന്നെ വീഴ്ചയുണ്ടായോയെന്നും പ്രത്യേക പരിശോധനയുണ്ടാകും. തുടർ നടപടി വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിനു ശേഷമാകും.
സംരക്ഷണഭിത്തിക്ക് ശക്തമായ അടിത്തറ ഒരുക്കാത്തതും മണ്ണിന്റെ ശേഷി വിലയിരുത്താതിരുന്നതുമാണ് തകർച്ചയ്ക്കു പിന്നിലെ പ്രധാനകാരണമെന്ന് ദേശീയ പാത അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഭൗമ-സാങ്കേതിക പരിശോധന ശരിയായി നടത്താത്തത് കരാറുകാരന്റെ വലിയ പിഴവാണ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഭിത്തി താങ്ങേണ്ട ഭാരനിരപ്പിനനുസരിച്ചുള്ള അടിത്തറ ഒരുക്കുന്നതിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായും വിലയിരുത്തലുണ്ട്.











