
കണ്ണൂർ: ദേശീയപാത 66 (എൻഎച്ച് 66) പൂർണമായും യാഥാർഥ്യമാകുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാറിൽ പോയിവരാൻ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവാകാൻ സാധ്യത. നിലവിൽ 2024ലെ കണക്കുപ്രകാരം ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് 11 ടോൾ പ്ലാസകളിലായി 1650 രൂപയാണ് ഈടാക്കുന്നത്. എന്നാൽ പുതിയ ടോൾ പ്ലാസകൾ കൂടി വരുന്നതോടെ നിരക്ക് ഏകദേശം 3000 രൂപയായി ഉയരാമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന.
ഇതോടെ കാസർകോട്–തിരുവനന്തപുരം യാത്രയിൽ ഇരുവശത്തേക്കുമായി 6000 രൂപയിലധികം ടോൾ നൽകേണ്ട സാഹചര്യമാകും. നിർമാണച്ചെലവ് വർധിച്ചതും ചില റീച്ചുകളിലെ നിർമാണരീതിയിൽ മാറ്റം വന്നതുമാണ് ടോൾ നിരക്ക് ഉയരാനുള്ള പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
60 കിലോമീറ്റർ ഇടവിട്ട് ടോൾ ബൂത്തുകൾ
ഓരോ റീച്ചിലെയും നിർമാണരീതിയും ചെലവും പരിഗണിച്ചാണ് ടോൾ നിരക്ക് നിശ്ചയിക്കുന്നത്. ശരാശരി 60 കിലോമീറ്റർ ഇടവിട്ടായിരിക്കും ടോൾ പ്ലാസകൾ. എന്നാൽ നിർമാണരീതിക്ക് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകാം.
ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയ സങ്കീർണ നിർമാണങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ സാധാരണ നിരക്കിനെക്കാൾ ഉയർന്ന ടോൾ ഈടാക്കും. ഇത്തരം നിർമാണങ്ങൾക്ക് സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ നിരക്ക് വരാനുള്ള സാധ്യതയുണ്ട്.
നിലവിൽ അഞ്ച് ടോൾ പ്ലാസകൾ
നിലവിൽ എൻഎച്ച് 66ൽ അഞ്ച് ടോൾ പ്ലാസകളാണുള്ളത്. ഒരു ദിശയിലേക്കുള്ള കാർ യാത്രയ്ക്ക് ഇവിടങ്ങളിൽ ആകെ 585 രൂപയാണ് ഈടാക്കുന്നത്.
- കൊളശ്ശേരി, കണ്ണൂർ – 80 രൂപ
- കുമ്പളം, എറണാകുളം – 50 രൂപ
- തിരുവല്ലം, തിരുവനന്തപുരം – 160 രൂപ
- വെട്ടിച്ചിറ, മലപ്പുറം – 160 രൂപ
- ഒളവണ്ണ, കോഴിക്കോട് – 135 രൂപ
എട്ട് ടോൾ പ്ലാസകൾ കൂടി വരുന്നു
എൻഎച്ച് 66ന്റെ വിവിധ ഭാഗങ്ങളിലായി എട്ട് ടോൾ പ്ലാസകളുടെ നിർമാണം പുരോഗമിക്കുകയാണ്. കാസർകോട്ടെ ചാലിങ്കാൽ, കണ്ണൂരിലെ കല്യാശ്ശേരി, കോഴിക്കോട്ടെ അഴിയൂർ, തൃശൂരിലെ നാട്ടിക, ആലപ്പുഴയിലെ എരമല്ലൂർ, കൃപാസനം ജംക്‌ഷൻ, കൊല്ലത്തെ ഓച്ചിറ, കല്ലുവാതുക്കൽ എന്നിവയാണ് നിർമാണത്തിലുള്ളത്.
ഏറ്റവും ഉയർന്ന ടോൾ എരമല്ലൂരിൽ
അരൂർ–തുറവൂർ ഉയരപ്പാതയിലെ എരമല്ലൂരിലാണ് ഏറ്റവും ഉയർന്ന ടോൾ നിരക്ക് വരുന്നത്. മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിലാണ് ഇവിടെ ടോൾ പിരിവ്. വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. റോഡിന് മുകളിൽ സ്ഥാപിച്ച ക്യാമറകൾ വാഹനങ്ങളെ തിരിച്ചറിഞ്ഞ് ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽനിന്ന് നേരിട്ട് തുക ഈടാക്കുന്ന സംവിധാനമാണിത്.
വന്ദേഭാരത് ടിക്കറ്റിനേക്കാൾ ഉയർന്ന ടോൾ
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിന് നിലവിൽ ഒരാൾക്ക് 2860 രൂപയാണ് നിരക്ക്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 5720 രൂപ വരും.
അതേസമയം എൻഎച്ച് 66ലെ നിർദേശിച്ച ടോൾ നിരക്ക് നിലവിൽ വരികയാണെങ്കിൽ, ഒരാൾ കാറിൽ കാസർകോട്–തിരുവനന്തപുരം പോയിവരുമ്പോൾ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവാകുന്ന സാഹചര്യമുണ്ടാകും. യാത്രക്കാരുടെ ചെലവ് ഗണ്യമായി ഉയർത്തുന്ന നടപടിയായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.











