
തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ യുവ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയുടെ സ്വത്തുക്കളും പണവും തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ് (37), തനിക്ക് ജനിച്ച ആൺകുഞ്ഞ് വ്യവസായിയുടേതാണെന്ന് ആരോപിച്ച് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് വിവരം. പരാതിക്കാരനും പ്രതിയും ജർമൻ ഭാഷാ പരിശീലന സ്ഥാപനം വഴി പരിചയപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥാപനത്തിന്റെ ഉടമയായ വിജയകുമാറും ജീവനക്കാരിയായിരുന്ന റോഷ്നിയും 2022 മുതൽ അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ പിതാവ് വിജയകുമാർ തന്നെയാണെന്ന നിലപാടിലാണ് റോഷ്നി.
2023 ജൂൺ 6-ന് ആൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടിയുടെ വിവരം വ്യവസായിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പണം ആവശ്യപ്പെടാൻ തുടങ്ങിയത്. തുടർന്ന് പരാതിക്കാരൻ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്റെ 50 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ റോഷ്നി നിർബന്ധിച്ചെന്നാണ് ആരോപണം.
ഇതിന് പുറമെ പല ഘട്ടങ്ങളിലായി ഏകദേശം 1.8 കോടി രൂപയും ഭീഷണിയിലൂടെ കൈപ്പറ്റിയെന്നാണ് പരാതി. 1.2 കോടി രൂപ വിലമതിക്കുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സ്വന്തം പേരിൽ വാങ്ങിപ്പിക്കുകയും, 2024 ജൂണിൽ 1.3 കോടി രൂപ വിലയുള്ള തിരുവനന്തപുരം മലയിൻകീഴ് പ്രദേശത്തെ 20 സെന്റ് സ്ഥലവും സ്വന്തമാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 45 പവൻ സ്വർണാഭരണങ്ങളും വാങ്ങിപ്പിച്ചെന്നാണ് ആരോപണം.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതിക്ക് വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിന്നീട് വീണ്ടും പണം ആവശ്യപ്പെടുകയും, വ്യവസായിയുടെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിലേക്ക് വിറ്റുകളയുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ റോഷ്നി സുരേഷിനെ ഒന്നാം പ്രതിയാക്കി വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, റോഷ്നി നേരത്തെ രണ്ട് വിവാഹങ്ങൾ കഴിച്ച് വിവാഹമോചിതയായതായും പിന്നീട് മൂന്നാമതും വിവാഹിതയായതായും പൊലീസ് പറയുന്നു. മൂന്നാമത്തെ ഭർത്താവിനെതിരെ തൃക്കാക്കര പൊലീസിൽ പീഡനപരാതി നൽകിയ ശേഷമാണ് പരാതിക്കാരനായ വ്യവസായിയുമായി ബന്ധം ആരംഭിച്ചതെന്നും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.








