
ലഖ്നൗ: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കാൻ ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്തയും വിവേകശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കുട്ടികളിൽ വായനാശീലം ശക്തിപ്പെടുത്തുന്നതിനൊപ്പം മൊബൈൽ ഫോണുകളിലേക്കുള്ള അമിത ആശ്രയം കുറയ്ക്കാനും പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥസാർഥി സെൻ ശർമ ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെയുള്ള പത്രവായന സ്കൂളുകളുടെ ദൈനംദിന പ്രവർത്തനത്തിൽ ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. നവംബറിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർദേശം. വർധിച്ചു വരുന്ന സ്ക്രീൻ സമയം നിയന്ത്രിച്ച് കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനപ്രകാരം, സ്കൂളുകളിലെ രാവിലെ അസംബ്ലിയിൽ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും. ദിവസേന കുട്ടികൾ മാറിമാറി ദേശീയ, അന്തർദേശീയ, കായിക വാർത്തകൾ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പത്രവായനയിലൂടെ പൊതുവിജ്ഞാനം വർധിപ്പിക്കാനും, സമകാലിക സംഭവങ്ങളോടുള്ള അവബോധം ഉയർത്താനും, മത്സരപരീക്ഷകൾക്ക് ആവശ്യമായ അറിവ് നേടാനും കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു. പദസമ്പത്തും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുന്നതിനൊപ്പം, വ്യത്യസ്ത കാഴ്ചപ്പാടുകൾ വായിച്ച് വിലയിരുത്തുന്ന ശീലം കുട്ടികളിൽ വിമർശനാത്മക ചിന്ത വളർത്തുമെന്നും ഉത്തരവിൽ പറയുന്നു. വ്യാജ വാർത്തകളെ തിരിച്ചറിയാനുള്ള കഴിവ് വളർത്തുന്നതിലും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിന് പുറമെ, മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾ ചേർന്ന് ആ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി സ്കൂൾ പത്രം അല്ലെങ്കിൽ മാസിക തയ്യാറാക്കണമെന്നും നിർദേശമുണ്ട്. ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ആഴ്ചയിൽ ഒരിക്കൽ പ്രധാന എഡിറ്റോറിയൽ വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ എഴുതുകയും ചർച്ചകളിൽ പങ്കെടുക്കുകയും വേണം. ചെറിയ ക്ലാസുകളിലെ കുട്ടികൾ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കും.











