എല്ലാത്തിനും കാരണം കാരണഭൂതൻ !

ജനങ്ങൾ ഒരിക്കലും വിഴിഞ്ഞത്തിന് പിന്നിലെ യു.ഡി.എഫ്. ശ്രമങ്ങൾ ഓര്‍ക്കരുത് എന്ന് ഇടതുപക്ഷനേതാക്കൻമാര്‍ക്ക് വിശിഷ്യാ പിണറായി വിജയന് വാശിയുണ്ട്. അതാണിപ്പോൾ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി....
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പിണറായി വിജയൻ സര്‍ക്കാരിന്റെ മാത്രം നേട്ടമെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമഫലമാണ് ഇന്ന് വിഴിഞ്ഞത്തുകാണുന്നതെന്ന് പറഞ്ഞ ശിവൻകുട്ടി മുഖ്യന്റെ ഭാര്യയും മകളും കൊച്ചുമകനും വിഴിഞ്ഞം തുറമുഖത്ത് ചേര്‍ന്ന ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തതും ശിവൻകുട്ടി ന്യായീകരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണ് വിഴിഞ്ഞം കമ്മീഷനിംഗ് എന്ന് ഘോഷിക്കുന്ന സി.പി.എമ്മുകാരെല്ലാം തന്നെ ആ പേരിൽ 2026 തിരഞ്ഞെടുപ്പ് ജയിച്ചുകയറാനുള്ള സ്കീമാണ് അണിയറയിൽ തയ്യാറാക്കുന്നത്. വിഴിഞ്ഞത്തിന് വേണ്ടി അക്ഷീണം യത്നിച്ച ഉമ്മൻചാണ്ടി എന്ന മുൻമുഖ്യമന്ത്രിയുടെ പേര് പാടേ നിരാകരിച്ചുകൊണ്ട് മുമ്പ് സംസാരിച്ച മുഖ്യനുംകൂട്ടരും ഇക്കുറിയും ഉമ്മൻചാണ്ടിയെ ചിത്രത്തിൽ നിന്നു തന്നെ ഒഴിവാക്കാനുള്ള നീക്കമാണ് നടത്തുന്നത്.
പക്ഷേ, ആര് എന്തുപറഞ്ഞാലും കേരളത്തിലെ ജനങ്ങൾക്കും വിഴിഞ്ഞം നിവാസികൾക്കും വിഴിഞ്ഞം എന്താണെന്നും അതിനായി പ്രയത്നിച്ച ഉമ്മൻചാണ്ടി ആരായാരിരുന്നു എന്നും ബോദ്ധ്യമുണ്ടാകുമെന്ന് കോവളം എം.എൽ.എ. എം. വിൻസന്റ് പറയുന്നു. വിഴിഞ്ഞത്തെ കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ച പത്രമാണ് ദേശാഭിമാനി. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണ് ഇന്ന് നാട് ഭരിക്കുന്നത്. ഉമ്മൻചാണ്ടി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിക്കുമ്പോൾ അതേ വിഴിഞ്ഞത്തെ അതേ പത്രം വികസനവേലിയേറ്റം എന്നുപറഞ്ഞ് വാഴ്ത്തുന്നു. ഇതെല്ലാം കാണുന്ന ജനങ്ങൾക്ക് മൂളയുണ്ടെന്നും വിൻസന്റ് പ്രതികരിച്ചു.
വിഴിഞ്ഞം കമ്മീഷനിംഗ് വേളയിൽ യു.ഡി.എഫിനെ പാടേ മാറ്റിനിര്‍ത്താൻ വേണ്ടിയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശനെപ്പോലും ആദ്യം ക്ഷണിക്കാതിരുന്നത്. പിന്നീട് വിവാദമായപ്പോൾ ക്ഷണിച്ചെന്ന് വരുത്താൻ ഒരു കത്തയച്ചു. ജനങ്ങൾ ഒരിക്കലും വിഴിഞ്ഞത്തിന് പിന്നിലെ യു.ഡി.എഫ്. ശ്രമങ്ങൾ ഓര്‍ക്കരുത് എന്ന് ഇടതുപക്ഷനേതാക്കൻമാര്‍ക്ക് വിശിഷ്യാ പിണറായി വിജയന് വാശിയുണ്ട്. അതാണിപ്പോൾ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി. വക്താക്കൾ കുറ്റപ്പെടുത്തി. അതേസമയം, വിഴിഞ്ഞത്തിന് വേണ്ട അനുമതികളും സാങ്കേതിക സംവിധാനങ്ങളുമെല്ലാം യഥാക്രമം ലഭ്യമാക്കിയ ബി.ജെ.പിയാണ് താരമെന്ന നരേറ്റീവ് സൃഷ്ടിക്കാനാണ് സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ടീമും ശ്രമിക്കുന്നത്. വിഴിഞ്ഞം ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി. മുഖങ്ങളെ അണിനിരത്താനും നീക്കങ്ങൾ ശക്തമാണ്.
Photo Courtesy - Google











