അയ്യോ... അപ്പോൾ നമ്മളെന്തുചെയ്യും ?

പ്രതിവര്‍ഷം 1500 കോടിയോളം രൂപയാണ് കേന്ദ്രം നീക്കിവെയ്ക്കുന്നത്. നോട്ടുനിരോധത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഡിജിറ്റൽ ഇടപാടിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം...
തിരുവനന്തപുരം : കറൻസി രഹിത പണമിടപാടിന് ഗതിവേഗം കൊടുത്ത യു.പി.ഐ. സംവിധാനം നിലയ്ക്കുമോ ? രണ്ടുദിവസമായി സൈബര്‍ ഇടങ്ങളിൽ സജീവമാകുന്ന ചോദ്യം ഇതാണ്. യു.പി.ഐ. സംവിധാനത്തിലൂടെ പണമിടപാട് സാദ്ധ്യമാക്കുന്ന ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ തുടങ്ങിയ മുൻനിരകമ്പനികളുടെ സേവനങ്ങൾക്ക് ഇനി കാശ് നൽകേണ്ടിവരുമോ എന്നതാണ് വിഷയം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നൽകിയ റിപ്പോര്‍ട്ട് കേന്ദസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
നിലവിൽ യു.പി.ഐ. ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. എന്നാൽ സര്‍ക്കാരിന്റെ സീറോ എം.ഡി.ആര്‍. മെര്‍ച്ചന്റ് ഡിസ്കൗണ്ട് നയം അനുസരിച്ച് ഈ തുക കേന്ദ്രം സബ്സിഡിയായി ബാങ്കുകൾക്ക് നൽകുന്നുണ്ട്. അതിനാലാണ് ഈയിനത്തിലുള്ള അധകഭാരം ഉപഭോക്താക്കൾക്കുമേൽ വരാത്തത്. ഇതിനായി പ്രതിവര്‍ഷം 1500 കോടിയോളം രൂപയാണ് കേന്ദ്രം നീക്കിവെയ്ക്കുന്നത്. നോട്ടുനിരോധത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഡിജിറ്റൽ ഇടപാടിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം.
എന്നാൽ ഇത്തരത്തിലുള്ള സബ്സിഡി ഇപ്പോഴും തുടരുന്നത് രാജ്യത്തിന്റെ സുസ്ഥിരഭാവിക്ക് ഭൂഷണമല്ല എന്നാണ് റിസര്‍വ്വ് ബാങ്ക് പറഞ്ഞിരിക്കുന്നത്. കേന്ദ്രബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻമേൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം ആര്‍.ബി.ഐ. നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നപക്ഷം ഇത് രാജ്യത്തെ ലക്ഷോപലക്ഷം ഡിജിറ്റൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ബിഹാര്‍ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ സാഹസത്തിന് മുതിരില്ല എന്നാണ് പൊതുവിലയിരുത്തൽ.
Photo Courtesy - Google










