12:52am 10 November 2026
NEWS
പി.വി. അൻവര്‍ ഡീലുറപ്പിച്ചു കേട്ടോ
ലീഗിനും സി.പി.എമ്മിനും ടെൻഷൻ !

23/04/2025  02:49 PM IST
News Bureau
ഇക്ക സെറ്റാക്കി !
HIGHLIGHTS

തിരഞ്ഞെടുപ്പ് ഗോദയിൽ അൻവര്‍ സി.പി.എമ്മിനെതിരെ എന്തൊക്കെ ആയുധം ഇറക്കുമെന്ന് മാത്രമാണ് അറിയാനുള്ളത് 

കൊച്ചി :  എന്നാലും എന്താകും പി.വി. അൻവറും വി.ഡി. സതീശനും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ...? നമുക്ക് പണിയാകുന്ന എന്തേലും...? ഇത് ചിന്തിക്കുന്ന രണ്ടുകൂട്ടര്‍ മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. ഒന്ന് സി.പി.എം. രണ്ട് മുസ്ലീംലീഗ്. കാരണം അൻവറിന്റെ യു.ഡി.എഫ്. പ്രവേശം പൊളിറ്റിക്കലി തിരിച്ചടിയാകുന്ന രണ്ട് കൂട്ടര്‍ അവരാണ്. അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സതീശൻ പുറത്തിറക്കിയ പ്രസ്താവന ദുരൂഹതകൾ വര്‍ദ്ധിപ്പിക്കുന്നു.
സതീശന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇതാണ് - പി.വി. അൻവറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം കോൺഗ്രസുമായും യു.ഡി. എഫുമായും സഹകരിച്ചു നിൽക്കും. അതുസംബന്ധിച്ച് അദ്ദേഹം ചില നിർദ്ദേശങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ല. എല്ലാ യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ. കോൺഗ്രസും യു.ഡി. എഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർത്ഥിക്കും അൻവർ പരിപൂർണ പിന്തുണ നൽകും. അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കും. കോൺഗ്രസ് എടുക്കുന്ന തീരുമാനം ഘടകകക്ഷികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന രീതി യു.ഡി.എഫിനില്ല. ഒൻപതുവർഷം നിലമ്പൂരിൽ എം.എൽ.എ ആയിരുന്ന അൻവറിന്റെ പിന്തുണ യു.ഡി. എഫിന് ഗുണം ചെയ്യും.
       
സതീശന്റെ വാക്കുകൾ പ്രസ്താവനയായും ഫേസ്ബുക് പോസ്റ്റായും പുറത്തുവന്നതോടെ ഒരുകാര്യം ഉറപ്പായി. സതീശൻ യു.ഡി.എഫിൽ കുറ്റിയടിച്ചു. ഇനി ആര്‍ക്കൊക്കെ ആപ്പടിക്കും എന്നതാണ് തത്പരകക്ഷികളുടെ ചിന്ത. 2026ൽ മലപ്പുറത്ത് സേഫായ ഒരു സീറ്റാണ് അൻവര്‍ ലക്ഷ്യമിടുന്നത്. അതിന് ലീഗിനെ സമവായത്തിൽ എടുക്കേണ്ടതുണ്ട്. അക്കാര്യങ്ങൾ നേരത്തേ പാണക്കാടെത്തി സംസാരിച്ചുറപ്പിക്കാനാണ് അൻവര്‍ സതീശനുമായി കൂടിക്കാഴ്ച നടത്തിയതും സതീശൻ മഞ്ഞുരുകൽ പ്രഖ്യാപിച്ചതും. ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ അൻവര്‍ സി.പി.എമ്മിനെതിരെ എന്തൊക്കെ ആയുധം ഇറക്കുമെന്ന് മാത്രമാണ് അറിയാനുള്ളത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img