06:42am 10 November 2026
NEWS
ഇനി യു.ഡി.എഫിൽ സതീശൻയുഗം ?
വെട്ടിനിരത്താൻ സ്കീമുകൾ റെഡി ...

25/06/2025  02:15 AM IST
അനീഷ് മോഹനചന്ദ്രന്‍
സതീശൻ രണ്ടുംകൽപ്പിച്ച് ?
HIGHLIGHTS

നിലമ്പൂരിലെ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായപ്രയത്നമാണെന്ന് പറഞ്ഞ സതീശൻ ടീം യു.ഡി.എഫ്. എന്ന പുതിയ പ്രയോഗത്തിനും തുടക്കമിട്ടു. ലീഗിന്റെ അനുഭാവം ഉറപ്പിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ...

തിരുവനന്തപുരം : നിലമ്പൂര്‍ അങ്കം ജയിച്ച യു.ഡി.എഫിൽ വീണ്ടും പടപ്പുറപ്പാട്. പി.വി. അൻവറിന് മുന്നിൽ ഒരിക്കൽ കൊട്ടിയടച്ച വാതിൽ പിന്നെയും തുറക്കുന്നതിന് തടസ്സമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയതിന് പിന്നാലെ അൻവറിനെ അടുപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുറന്നടിച്ചു. ഒരു സ്വകാര്യചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സതീശൻ തന്റെ മനസ്സ് തുറന്നത്. അൻവര്‍ ഫാക്ടര്‍ യു.ഡി.എഫിന് അനുകൂലമായെന്ന് മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം പാടേ അവഗണിച്ച് മുന്നോട്ടുപോകാനാണ് വി.ഡി. സതീശന്റെ തീരുമാനം. 
         സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ സതീശൻ മുന്നണിയിൽ വീണ്ടും പിടിമുറുക്കാനാണ് സാദ്ധ്യത. 2026ൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാൻ തയ്യാറെടുക്കുന്ന രമേശ് ചെന്നിത്തലയേയും സതീശൻ വെറുതേവിടുന്നില്ല. 2026ൽ യു.ഡി.എഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് സതീശൻ ഇപ്പോൾ പറയുന്നത്. ഇത് കൃത്യമായ ചില സൂചനകൾ നൽകുന്നുണ്ട്. സതീശനെതിരെ പാര്‍ട്ടിക്കകത്ത് ശക്തമായ ഒരുചേരി രൂപംകൊണ്ടിട്ടുണ്ട്. നിലമ്പൂര്‍ ജയത്തിന്റെ പശ്ചാത്തലത്തിൽ എതിര്‍ചേരികളെ നിഷ്പ്രഭമാക്കി തന്റെ തേരോട്ടം തുടരാനാണ് സതീശൻ ലക്ഷ്യമിടുന്നത്. ഇതുനായി ഘടകകക്ഷികളേയും അദ്ദേഹം ഒപ്പം കൂട്ടുന്നുണ്ട്. 
       നിലമ്പൂരിലെ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായപ്രയത്നമാണെന്ന് പറഞ്ഞ സതീശൻ ടീം യു.ഡി.എഫ്. എന്ന പുതിയ പ്രയോഗത്തിനും തുടക്കമിട്ടു. ലീഗിന്റെ അനുഭാവം ഉറപ്പിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നിലമ്പൂരിൽ തന്റെ കൂടി താത്പര്യത്തിന്റെ അടിസ്ഥാനത്ത് മത്സരിച്ച ആര്യാടൻ ഷൗക്കത്തിനെ ജയത്തിന് തൊട്ടുപിന്നാലെ പാണക്കാട് കുടുംബത്തേയ്ക്ക് പറഞ്ഞയച്ചതും സതീശനാണ് എന്ന് കേൾക്കുന്നു. ഷൗക്കത്തിന്റെ പിതാവ് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ജീവിച്ചിരുന്ന കാലമത്രയും ലീഗുമായി പോരാട്ടത്തിലായിരുന്നു എന്നതോര്‍ക്കേണ്ടതുണ്ട്. 
      ഷൗക്കത്തിലൂടെ പിണക്കമെല്ലാം മാറ്റി മഞ്ഞുരുക്കം സൃഷ്ടിച്ച് ലീഗ് കോൺഗ്രസ് ബാന്ധവം ഊട്ടിയുറപ്പിക്കാനും അതിലൂടെ 2026ൽ തന്റെ നേതൃത്വത്തിലുള്ള ഭരണം ഉറപ്പാക്കാനുമാണ് സതീശൻ ക്യാമ്പ് ലക്ഷ്യമിടുന്നത്. അധികംവൈകാതെ ശശി തരൂര്‍ സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ട് ബി.ജെ.പി. അനുഭാവത്തോടെ അന്താരാഷ്ട്ര തലത്തിലേക്കോ അല്ലെങ്കിൽ ബി.ജെ.പി. ക്യാമ്പിലേക്കോ തന്നെ മാറിയേക്കാം. പിന്നെ സതീശന് ഒത്തൊരു എതിരാളി എന്നുപറയാൻ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും മാത്രമായിരിക്കും. എല്ലാം കാലേക്കൂട്ടി കണ്ടാണ് സതീശൻ മുന്നേറുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img