മാനമല്ല അഭിമാനമാണ് കാക്കേണ്ടത് !

മേയര്‍ ആര്യാരാജേന്ദ്രൻ സമ്പൂര്‍ണ്ണ പരാജയമാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നയസമീപനങ്ങളാണ് ആര്യ കൈക്കൊണ്ടിട്ടുള്ളത് ...
തിരുവനന്തപുരം : തലസ്ഥാനനഗരത്തിന്റെ ഭരണം എന്തുവിലകൊടുത്തും ഉറപ്പാക്കണമെന്ന് സി.പി.എം. ജില്ലാകമ്മറ്റി. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് പാര്‍ട്ടി കടക്കേണ്ടതുണ്ടെന്നും ഓണാഘോഷം തീരുന്ന മുറയ്ക്ക് പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങൾ സജീവമാക്കണമെന്നുമാണ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെ നേരത്തേതന്നെ ആരംഭിക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയേയും നേരത്തേ തന്നെ കണ്ടെത്തുകയും അവര്‍ക്ക് സുനിശ്ചിതമായ വാര്‍ഡ് കണ്ടെത്തി പ്രവര്‍ത്തനങ്ങൾ ആരംഭിക്കുകയും വേണം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനപോരാട്ടമാണ്.
നിലവിലെ മേയര്‍ ആര്യാരാജേന്ദ്രൻ സമ്പൂര്‍ണ്ണ പരാജയമാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നയസമീപനങ്ങളാണ് ആര്യ കൈക്കൊണ്ടിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായുള്ള പ്രശ്നങ്ങളുൾപ്പെടെ പലതും നെഗറ്റീവ് ആണ്. അതുകൊണ്ട് ആര്യക്ക് വീണ്ടുമൊരു ടേം നൽകാൻ സാദ്ധ്യത കുറവാണെന്ന് കേൾക്കുന്നു. 2026ൽ നേമത്തുനിന്നും ആര്യയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലാണ്.
ഇക്കുറി ബി.ജെ.പി. രണ്ടുംകൽപ്പിച്ചാണ്. കോൺഗ്രസ്സ് ദുര്‍ബലമായത് ബി.ജെ.പിക്കാണ് നേട്ടമായി മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതുകോട്ടകളിൽ വോട്ടുചോര്‍ച്ച ഉണ്ടാകാതെ നോക്കണമെന്നും എന്തുവില കൊടുത്തും നഗരസഭയുടെ ഭരണം നിലനിര്‍ത്തണമെന്നും പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. 2025ൽ നേടുന്ന വോട്ടുവിഹിതം 26ലേക്കുള്ള ചൂണ്ടുപലകയാണ്. ഈ സാഹചര്യത്തിൽ പാര്‍ട്ടി സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്നാണ് ജില്ലാസെക്രട്ടറി വി. ജോയ് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
Photo Courtesy - Google










