05:11am 07 November 2026
NEWS
കേസൊക്കെ അങ്ങ് കോയമ്പത്തൂരിൽ
ചങ്കിടിപ്പ് ഇങ്ങ് കൊച്ചിയിലാണ് കേട്ടോ...

28/02/2025  12:27 PM IST
News Desk
പണിയാകുമോ ?
HIGHLIGHTS

പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാകില്ലെന്ന ചില നിരീക്ഷണങ്ങൾ കോടതി അടുത്തിടെ നടത്തിയിരുന്നു 

കൊച്ചി : അയ്യോ.... അടുത്തപണി നമുക്കാകുമോ ? ക്രിപ്റ്റോകറൺസി തട്ടിപ്പുകേസിൽ പ്രമുഖ തെന്നിന്ത്യൻ താരങ്ങളായ തമ്മനാ ഭാട്ട്യയും കാജൽ അഗര്‍വാളും കുടുങ്ങിയതോടെ കൊച്ചിയിലെ ചില താരങ്ങളും ആശങ്കയിൽ ! കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി ഉയര്‍ന്നതുക റിട്ടേണായി നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നാണ് തമ്മനയ്ക്കും കാജലിനും എതിരായ കേസ്. തട്ടിപ്പ് നടത്തിയ സ്ഥാപനം ഉത്ഘാടനം ചെയ്തത് തമ്മനയും അതിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തത് കാജൽ അഗര്‍വാളുമായിരുന്നു. ഇരുവര്‍ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കാട്ടി കോയമ്പത്തൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 
            അന്വേഷണവേളയിൽ കേസ് തള്ളിപ്പോകാനാണ് സാദ്ധ്യത. കാരണം പല താരങ്ങളും പി.ആര്‍. ഏജൻസികളിൽ നിന്നുള്ള ഓഫര്‍ സ്വീകരിച്ചാണ് പല ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കുന്നത്. അവര്‍ക്ക് മിക്കപ്പോഴും തങ്ങൾ ഉത്ഘാടനം ചെയ്യുന്ന സ്ഥാപനത്തിന്റെ പശ്ചാത്തലമൊന്നും അറിയണമെന്നില്ല. പക്ഷേ, ഒരിക്കൽ തട്ടിപ്പുകേസിൽ കുടുങ്ങിയാൽ അതവരുടെ കരിയറിൽ ഉണ്ടാക്കുന്ന ഡാമേജ് നിസ്സാരമായിരിക്കില്ല. സൈബര്‍ ഇടങ്ങളിൽ അവര്‍ വിചാരണചെയ്യപ്പെടും എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഭാവിയിൽ കോടതിയുടെ ഇടപെടൽ ഇത്തരം വിഷയങ്ങളിൽ ഉണ്ടായാൽ അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമോ എന്ന് പലരും ആശങ്കപ്പെടുന്നു. കാരണം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ പലരും ഉദ്ഘാടനവരുമാനം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. വിശിഷ്യാ ചെറുകിട താരങ്ങളും ഫീൽഡ് ഔട്ടായവരും. 
           മലയാളത്തിലെ ചില സൂപ്പര്‍താരങ്ങൾ അടുത്തിടെ ചില തട്ടിപ്പുകമ്പനികളുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. പുറമേ നോക്കുമ്പോൾ എൻ.ബി.എഫ്.സി. എന്ന ലേബലിലാണ് സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നതെങ്കിലും പിന്നിൽ നിക്ഷേപ തട്ടിപ്പ് ഉൾപ്പെടെ പലതും നടക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. നോൺ കൺവര്‍ട്ടബിൾ ഡിബഞ്ചര്‍ ഉൾപ്പെടെ പലതും റിസര്‍വ്വ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി വിറ്റ് കൊള്ളലാഭം വസൂലാക്കുന്ന പല സ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് പൊളിഞ്ഞാൽ അതിന്റെ പ്രൊമോഷനായി നിലകൊണ്ട താരങ്ങളും അകത്താകും. പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാകില്ലെന്ന ചില നിരീക്ഷണങ്ങൾ കോടതി അടുത്തിടെ നടത്തിയിരുന്നു. തട്ടിപ്പിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ നിയമകുരുക്കുകൾ മുറുകാനുള്ള സാദ്ധ്യതയും പലരും കാണുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img