ഇതെല്ലാം പിന്നെ എതുക്കപ്പാ ?

ജയലളിതയ്ക്ക് ശേഷം എ.ഐ.എ.ഡി.എം.കെ. ദുര്‍ബലമാണ്. സമാനസാഹചര്യം തന്റെ പാര്‍ട്ടിയിലും വന്നേയ്ക്കാമെന്ന് സ്റ്റാലിൻ ഭയക്കുന്നു
ചെന്നൈ : ഈ സ്റ്റാലിൻ ഇത് എന്ത് ഭാവിച്ചിട്ടാണ് ? രൂപയുടെ ചിഹ്നം ഹിന്ദിയിലല്ല തയ്യാറാക്കിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനം ദേവനാഗരിക ലിപിയാണ്. അതിന് പിന്നിൽ പ്രവര്‍ത്തിച്ചതാകട്ടെ സ്റ്റാലിന്റെ സ്വന്തം പാര്‍ട്ടിയായ ഡി.എം.കെ. എം.എൽ.എയുടെ മകനും. പിന്നെന്ത് കണ്ടിട്ടാണ് ഇദ്ദേഹം ഈ വിഢിവേഷം കെട്ടുന്നത് ? തമിഴ്നാട് ബി.ജെ.പി. ഘടകം ഉന്നയിക്കുന്ന ചോദ്യം ഇതാണ്. സംസ്ഥാന ബജറ്റ് രേഖയിൽ നിന്നും രൂപ ചിഹ്നത്തെ ഒഴിവാക്കി പകരം തമിഴിലെ രൂ. എന്ന അക്ഷരം ഉൾപ്പെടുത്താനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കമാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
കേന്ദ്രം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങൾ നിരാകരിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടെന്ന് വെയ്ക്കുമോ എന്നും ചോദ്യവും ഉയരുന്നുണ്ട്. രൂപയുടെ ചിഹ്നം ഒഴിവാക്കുന്നവര്‍ റിസര്‍വ്വ് ബാങ്ക് അച്ചടിച്ച് ഇറക്കുന്ന കറൻസി നോട്ട് വേണ്ടെന്ന് വെയ്ക്കുമോ ? ഇനി അഥവാ സ്വീകരിച്ചാൽ നോട്ടിൽ അച്ചടിച്ചിരിക്കുന്ന രൂപയുടെ ചിഹ്നത്തെ കീറിക്കളയുമോ ? ചോദ്യങ്ങൾക്ക് മുന്നിൽ സ്റ്റാലിന് ഉത്തരം മുട്ടുകയാണ്.
2026 ൽ തുടര്‍ഭരണം ലക്ഷ്യമിടുന്ന സ്റ്റാലിന് നിലനിൽക്കണമെങ്കിൽ ശക്തമായ ദ്രാവിഡ സെന്റിമെന്റ്സ് വര്‍ക്കൗട്ടാക്കിയേ സാധിക്കൂ. നടൻ വിജയ് രാഷ്ട്രീയപ്രവേശം നടത്തിയതിന്റെ ആഫ്റ്റര്‍ എഫക്ട് എന്താകും എന്നവര്‍ ഉറ്റുനോക്കുന്നുണ്ട്. അണ്ണാമലൈയുടെ നേതൃത്വത്തിൽ ബി.ജെ.പിയും ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുന്നു. ജയലളിതയ്ക്ക് ശേഷം എ.ഐ.എ.ഡി.എം.കെ. ദുര്‍ബലമാണ്. സമാനസാഹചര്യം തന്റെ പാര്‍ട്ടിയിലും വന്നേയ്ക്കാമെന്ന് സ്റ്റാലിൻ ഭയക്കുന്നു. തനിക്ക് ശേഷം തന്റെ മകനെ (ഉദയനിധി സ്റ്റാലിൻ) സ്വന്തം പാര്‍ട്ടിക്കാരോ കുടുംബക്കാരോ അംഗീകരിക്കുമോ എന്നദ്ദേഹത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിൽ അഞ്ചുവര്‍ഷം കൂടി ഭരണം നീട്ടിക്കൊണ്ടുപോകാൻ സാധിച്ചാൽ തുടര്‍ന്നൊരു പത്തുകൊല്ലം പ്രതിപക്ഷത്തിരുന്നാലും കുഴപ്പമില്ല. അതിനായുള്ള കരുനീക്കങ്ങൾ സ്റ്റാലിൻ ശക്തമാക്കുന്നതായാണ് തമിഴകത്ത് നിന്നും ലഭ്യമാകുന്ന വിവരം. തമിഴ്നാട് പൊളിറ്റിക്സിന്റെ ഉള്ളുകള്ളികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്തലക്ഷം കേരളശബ്ദം രാഷ്ട്രീയവാരികയിൽ വായിക്കാവുന്നതാണ്.
Photo Courtesy - Google











