കളിക്കുന്നത് ആര്‍ക്കുവേണ്ടി ....?

വെള്ളാപ്പള്ളി പറയുന്നിടത്ത് വോട്ടുകുത്തുന്ന കീഴ്വഴക്കം പണ്ടേ ഈഴവര്ക്കില്ലെന്നും അവരുടെ കാര്യം അവര്‍ തീരുമാനിക്കുമെന്നും ...
ആലപ്പുഴ : 2026ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ തറപ്പിച്ച് പറയാറായിട്ടില്ല. ഇടതുഭരണം ഉറപ്പെന്ന് ഇടതുനേതാക്കൾ പറയുന്നുണ്ടെങ്കിലും അവര്‍ക്കും ഉള്ളിന്റെയുള്ളിൽ വലിയ നിശ്ചയമൊന്നുമില്ല. എന്തെങ്കിലും ഒന്നുറപ്പിക്കണമെങ്കിൽ കുറഞ്ഞത് 2025ലെ തദ്ദേശതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകണം. എന്നാൽ ആരെന്ത് പറഞ്ഞാലും ചെയ്താലും 2026ൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എന്നുറപ്പിച്ച് പറയുന്ന ഒരേയൊരു നേതാവേ കേരളത്തിലുള്ളൂ. അത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. നാഴിക്ക്നാന്നൂറുവട്ടം പിണറായി സ്തുതി പാടുന്ന വെള്ളാപ്പള്ളി കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്ലേറ്റ് മാറ്റി ചവിട്ടുന്നോ എന്നതാണ് രാഷ്ട്രീയകേരളം സംശയത്തോടെ ഉറ്റുനോക്കുന്നത്.
തന്റെ മകൻ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.സ്. എന്ന പ്രസ്ഥാനം എൻ.ഡി.എയുടെ ഭാഗമാണെങ്കിലും അവര്‍ അവിടെ അസ്വസ്ഥരാണ്. തുഷാറിന് കേന്ദ്രമന്ത്രിസ്ഥാനമോ രാജ്യസഭാംഗത്വമോ ലഭിക്കാത്തതാണ് പ്രശ്നകാരണമെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും അങ്ങിനൊന്നുമില്ലെന്നാണ് തുഷാര്‍ ക്യാമ്പ് പറയുന്നത്. എന്നാൽ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ എൻ.ഡി.എക്കുറപ്പാക്കാൻ ചില നീക്കുപോക്കുകൾ അവര്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വെള്ളാപ്പള്ളി ചില ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങൾ നടത്തുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.
ഒരുഭാഗത്ത് വടക്കൻമലബാറിലെ ഈഴവ വോട്ടുകൾ എൻ.ഡി.എക്ക് ഉറപ്പാക്കുക. അതേസമയം, സംസ്ഥാനപ്രോസ്പക്ടിലേക്ക് വരുമ്പോൾ എൽ.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത ഈഴവവോട്ടുകൾ തിരികെ കൊണ്ടുവരിക. അങ്ങിനെ ഇരുവള്ളത്തിൽ കാലുവെയ്ക്കുന്ന ഡബിൾപ്ലേ രാഷ്ട്രീയമാണ് വെള്ളാപ്പള്ളി നടത്തുന്നത് എന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ വെള്ളാപ്പള്ളി പറയുന്നിടത്ത് വോട്ടുകുത്തുന്ന കീഴ്വഴക്കം പണ്ടേ ഈഴവര്ക്കില്ലെന്നും അവരുടെ കാര്യം അവര്‍ തീരുമാനിക്കുമെന്നും നിരീക്ഷണങ്ങൾ വരുന്നുണ്ട്. ഏതായാലും ജനസംഖ്യയുടെ 27ശതമാനത്തോളം വരുന്ന ഈഴവരിൽ നല്ലൊരുശതമാനവും എൻ.ഡി.എ. പാളയത്തിലേക്ക് മാറിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഇത് പ്രകടമായിരുന്നു. ഇത് 2026ൽ മാറുമോ എന്നത് കാത്തിരുന്നുകാണേണ്ട കാര്യമാണ്.
Photo Courtesy - Google











