രണ്ടിലൊന്ന് ഉടനറിയാമെന്ന് കരക്കമ്പി

തന്ത ചത്തിട്ട് വേണം കട്ടിൽ ഒഴിക്കാൻ എന്നുപറഞ്ഞ് കാത്തിരിക്കുന്ന കോൺഗ്രസിലെ കസേരമോഹികൾ മുറവിളി തുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടത് തരൂരിനെ പടിയടച്ച് പിണ്ഡം വെയ്ക്കുക
തിരുവനന്തപുരം : തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിൽ ഉടൻ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമോ ? സാദ്ധ്യത തള്ളാനാകില്ല. കാരണം ഡോ. ശശി തരൂര്‍ എം.പി. രണ്ടുംകൽപ്പിച്ചാണ്. പാര്‍ട്ടി ഹൈക്കമാന്റിന്റെ ഉഗ്രശാസനം നിലനിൽക്കെ വീണ്ടും മോദിസ്തുതിയുമായി തരൂര്‍ രംഗത്തെത്തിയത് ഒന്നുംകാണാതെയല്ല എന്നും വിലയിരുത്തലുകൾ വരുന്നു. രാഷ്ട്രീയഅന്തര്നാടകങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്തവര്‍ ചോദിക്കുന്നത് ഒറ്റചോദ്യത്തിനുള്ള ഉത്തരംമാത്രം – തരൂര്‍ ജി ആകുമോ സഖാവ് ആകുമോ?
തന്റെ മനസ്സിൽ രാഷ്ട്രീയം ഇല്ലെന്ന് തരൂര്‍ ആവര്‍ത്തിക്കുമ്പോഴും അദ്ദേഹം ചിലതൊക്കെ ചിന്തിച്ചുകൂട്ടിയിട്ടുണ്ട് എന്നുറപ്പ്. തരൂരിനെ ജി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ രംഗത്ത് വന്നത് ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ്. മുമ്പ് കെ. മുരളീധരനെതിരെ ആഞ്ഞടിച്ച ശോഭാസുരേന്ദ്രൻ അന്ന് പറഞ്ഞത് ഇങ്ങിനെയാണ് – മുരളീധരനെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല. നാളെ അദ്ദേഹത്തെ ജി എന്ന് ചേര്ത്തുവിളിക്കേണ്ടി വന്നാലോ. ശോഭ അന്ന് പറഞ്ഞത് മുരളിയെക്കുറിച്ചാണേൽ ഇന്ന് തരൂര്‍ രണ്ടിലൊന്ന് പറയുന്നതിന് മുന്നേ തന്നെ സുരേന്ദ്രൻ ജി വിളിച്ച് പരസ്യപിന്തുണ അറിയിച്ചിരിക്കുകയാണ്. ഇനി എന്നാണ് ജി എന്ന് ഔദ്യോഗികമായി വിളിക്കുന്നതെന്ന് മാത്രമാണ് അറിയാനുള്ളത്.
അതേസമയം തരൂര്‍ കേരളത്തിൽ ഒരു സുഖലാവണമാണ് തേടുന്നത് എന്നും ചില കരക്കമ്പികൾ വരുന്നുണ്ട്. അങ്ങിനെങ്കിൽ ഒരുപക്ഷേ, അദ്ദേഹം സഖാവ് തരൂര്‍ ആയി മാറിയേക്കുമെന്നും ചിലര്‍ കരുതുന്നു. അതേസമയം, തരൂരിനെപ്പോലൊരു നേതാവ് ഒരിക്കലും ഇടതുപാളയത്തിൽ ചെന്നുചാടില്ല എന്ന വിലയിരുത്തലുകളും ചില കേന്ദ്രങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. ഏതായാലും തന്ത ചത്തിട്ട് വേണം കട്ടിൽ ഒഴിക്കാൻ എന്നുപറഞ്ഞ് കാത്തിരിക്കുന്ന കോൺഗ്രസിലെ കസേരമോഹികൾ മുറവിളി തുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടത് തരൂരിനെ പടിയടച്ച് പിണ്ഡം വെയ്ക്കുക എന്നതാണ്. ഒരു വെടിക്ക് രണ്ടു പക്ഷി. ഒന്ന് തരൂര്‍ പോയാൽ ആ ഒഴിവ്. രണ്ട് പോയാലും ഇല്ലേലും ഹൈക്കമാന്റിന്റെ ഗുഡ് ബുക്കിൽ ഒരിടം. അതിലൂടെ വല്ലതും തരപ്പെടുന്നെങ്കിൽ ഇങ്ങ് പോരട്ടെ എന്നതാണ് ഉള്ളിന്റെ ഉള്ളിൽ. ഏതായാലും തരൂരിന്റെ മോദിഭക്തി ഹൈക്കമാന്റ് ഗൗരവമായിട്ടാണ് കാണുന്നത്. അധികംവൈകാതെ ചില പൊട്ടിത്തെറികൾ കോൺഗ്രസിൽ ഉണ്ടാകും എന്നുതന്നെയാണ് തലസ്ഥാനത്തുനിന്നും ലഭ്യമാകുന്ന വിവരം.
Photo Courtesy - Google











