ഇ.ഡി. ഇറങ്ങിത്തിരിച്ചു. അടുത്ത് എന്ത് ?

പോപ്പുലര്‍ ഫ്രണ്ട് നേതാക്കൻമാരിൽ പലരും അകത്തായപ്പോൾ അവരെ ജാമ്യത്തിലിറക്കാൻ പോലും മറ്റുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല...
കൊച്ചി : 29 അക്കൗണ്ടുകളിലൂടെ 262 കോടി രൂപ ! ഇതൊക്കെ ആരുടെ പണം? എവിടെ നിന്നും വന്നു? എന്തിന് കൊണ്ടുപോയി ? എല്ലാത്തിനും ഉത്തരം കണ്ടെത്തിയേ മതിയാകൂ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). എസ്.ഡി.പി.ഐയുടെ അക്കൗണ്ടിലൂടെ ഒഴുകിയ കള്ളപ്പണത്തിന്റെ കണക്കുകളാണ് ഇ.ഡി. പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് ശേഷം എസ്.ഡി.പി.ഐ. വഴിയാണ് അവര്‍ സാമ്പത്തികഇടപാടുകൾ നടത്തുന്നതെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നു. 2009 മേയ് മാസം മുതൽ 2022 മേയ് മാസം വരെയാണ് എസ്.ഡി.പി.ഐയുടെ അക്കൗണ്ടിലൂടെ കോടികൾ ഒഴുകിയത്. ഇതിൽ നല്ലൊരുവിഹിതവും വിദേശത്ത് നിന്നും എത്തിയതാണ്.
നാട്ടിൽ സന്നദ്ധപ്രവര്‍ത്തനങ്ങൾക്കെന്ന വ്യാജേന വിദേശത്ത് പണം സ്വരൂപിച്ചെന്നും അത് വിവിധ അക്കൗണ്ടുകളിലൂടെ നാട്ടിലെത്തിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതുകൂടാതെ 32 കോടിയിലധികം രൂപ അവര്‍ കാശായി കൈകാര്യം ചെയ്തു എന്നും ഇ.ഡി.പറയുന്നു. വിദേശത്തുനിന്നും ഫണ്ട് ശേഖരിക്കാൻ കേഡറുകളെ അവര്‍ റിക്രൂട്ട് ചെയ്തെന്നും ഇ.ഡി. വൃത്തങ്ങൾ വ്യക്തമാക്കുന്നു. എസ്.ഡി.പി.ഐ. ദേശീയ അദ്ധ്യക്ഷൻ എം.കെ. ഫൈസിയെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന അന്വേഷണത്തിലാണ് പ്രസ്തുതവിവരങ്ങൾ പുറത്തുവന്നതത്രേ.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കൻമാരിൽ പലരും അകത്തായപ്പോൾ അവരെ ജാമ്യത്തിലിറക്കാൻ പോലും മറ്റുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല. സാമ്പത്തികമായ നീക്കുപോക്കുകൾ ഒന്നും നടത്താൻ സാധിക്കാത്തതായിരുന്നു പ്രതിസന്ധി. മാത്രമല്ല, ആശയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും സന്നദ്ധപ്രവര്‍ത്തനങ്ങൾക്കെന്ന പേരിലും മറ്റും അവരെ സഹായിച്ചിരുന്നവര്‍ കേന്ദ്രഏജൻസികളെ ഭയന്ന് പിൻവാങ്ങിയതും തിരിച്ചടിയായി. ഇതോടെയാണ് പഴയ പോപ്പുലര്‍ ഫ്രണ്ട്, സിമി പ്രവര്‍ത്തകരിൽ ചിലരുടെ ആഭിമുഖ്യത്തിൽ ജി.സി.സി. രാജ്യങ്ങൾ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ക്ലൗഡ് ഫണ്ടിംഗ് ആരംഭിക്കുകയും ചെയ്തത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലേക്ക് ഇ.ഡിയുടെ അന്വേഷണം വ്യാപിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. കേരളത്തിൽ കരുനാഗപ്പള്ളി, ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ചില പ്രമുഖര്‍ നിരീക്ഷണത്തിലാണെന്നും ഇ.ഡി. വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Photo Courtesy - Google











