രക്ഷിക്കാൻ ആരുമില്ല, മോദി പോലും

രാജീവിന്റെ വരവോടെ പാര്‍ട്ടിയിൽ ഉണ്ടാകുമെന്ന് കരുതിയ അച്ചടക്കവും സംയമനവും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. രാജീവിനെ ഹൈജാക്ക് ചെയ്ത് സൂപ്പര്‍ പ്രസിഡന്റാകാനും...
തിരുവനന്തപുരം : അതിശക്തമായ ഗ്രൂപ്പിസം, തമ്മിൽത്തല്ല്, പിന്നിൽനിന്നും കുത്ത്. ഇതെല്ലാം രൂക്ഷമായതോടെയാണ് ബി.ജെ.പി. കേരളഘടകത്തിൽ നേതൃമാറ്റത്തിനായി മുറവിളി ശക്തമായത്. എല്ലാത്തിനുമൊടുവിൽ പൊതുജനസമ്മതനായ അല്ലെങ്കിൽ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാത്ത ഒരുനേതാവിനെ കേന്ദ്രം നിശ്ചയിച്ചുനൽകി. അങ്ങിനെയാണ് മുൻകേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ സംസ്ഥാന അമരക്കാരനാകുന്നത്. പുതിയപ്രസിഡന്റ് ഒരുറൗണ്ട് സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നു. അതിൽ ബി.ജെ.പിക്ക് പ്രതീക്ഷിക്കാൻ വകയൊന്നുമില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിന് അതൊരു ടാസ്കായിരുന്നു. ഇപ്പോൾ ദേ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അടുത്ത നടപടി സംസ്ഥാനത്തെ പാര്‍ട്ടിയുടെ പുനഃസംഘടനയാണ്.
പ്രസിഡന്റിനൊപ്പം ശക്തിയുക്തം നിൽക്കേണ്ട വൈസ് പ്രസിഡന്റുമാരേയും ജനറൽ സെക്രട്ടിറമാരേയും ഉൾപ്പെടെ താക്കോൽസ്ഥാനങ്ങളിൽ പുതിയ മുഖങ്ങളെ കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പോഷകസംഘടനകളിലും പുതുമുഖങ്ങൾ വരേണ്ടതുണ്ട്. അതിനായി സ്വന്തം നിലയിൽ രാജീവ് ചില കോര്‍പ്പറേറ്റ് പരീക്ഷണങ്ങൾ നടത്തുമ്പോൾ വീണ്ടും പാളയത്തിൽ പട സജീവമാവുകയാണ്. തങ്ങളുടെ നോമിനികളെ എല്ലായിടത്തും തിരുകിക്കയറ്റാൻ കെ. സുരേന്ദ്രനും വി. മുരളീധരനും ശ്രമിക്കുമ്പോൾ വീണ്ടും ഗ്രൂപ്പിസം തലപൊക്കുന്നത് സ്വാഭാിവകം. യുവമോര്‍ച്ച, മഹിളാമോര്‍ച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞദിവസം രാജീവ് ഒരു ടാലന്റ് ഹണ്ട് പരീക്ഷിച്ചിരുന്നു. ഇതിൽ വി. മുരളീധരനേയോ കെ. സുരേന്ദ്രനേയോ രാജീവ് ക്ഷണിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഇന്ന് തലസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന കോര്‍കമ്മറ്റി ചേരുന്നുണ്ട്. അതില്‍ രാജീവിനെതിരെ ആഞ്ഞടിക്കാനാണ് പ്രബല ഗ്രൂപ്പുകളുടെ നീക്കമെന്നറിയുന്നു.
നിലമ്പൂര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന രാജീവിന്റെ ആദ്യതീരുമാനം ഉൾപ്പെടെ പലതും പലരും വിമര്‍ശനമായി ഉന്നയിക്കാനാണ് സാദ്ധ്യത. ഫലത്തിൽ, രാജീവിന്റെ വരവോടെ പാര്‍ട്ടിയിൽ ഉണ്ടാകുമെന്ന് കരുതിയ അച്ചടക്കവും സംയമനവും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. രാജീവിനെ ഹൈജാക്ക് ചെയ്ത് സൂപ്പര്‍ പ്രസിഡന്റാകാനും രാജീവിന്റെ നീക്കങ്ങൾ ചോര്‍ത്തിയെടുത്ത് മറുപണി ഒപ്പിക്കാനുമാണ് ചില തത്പരകക്ഷികളുടെ നീക്കമത്രേ. പുറമേ നോക്കുമ്പോൾ എല്ലാം ശാന്തവും ജാനാധിപര്യപരവുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഉള്ളിൽ അതിശക്തമായ അടിയൊഴുക്കുകളും പാലം വലികളുമാണ് നടക്കുന്നത്. ഇവിടെ അക്ഷരാര്‍ത്ഥത്തിൽ ശ്വാസംമുട്ടുന്ന അവസ്ഥയിലാണ് രാജീവ് ചന്ദ്രശേഖരന് നിൽക്കുന്നത്. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൻമാര് നിസ്സഹായരായി നോക്കി നിൽക്കുകയാണത്രേ.
Photo Courtesy - Google











