11:53pm 06 November 2026
NEWS
നമ്മൾ മാറി... ടോട്ടലി... കംപ്ലീറ്റായിട്ട്...
ഉന്നതവിദ്യാഭ്യാസം അവര്‍ ഭരിക്കട്ടെ !

10/02/2025  10:25 PM IST
News Desk
എന്താ ഇങ്ങിനെ ?
HIGHLIGHTS

ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ മന്ത്രി എവിടേ... എന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ചോദിക്കുന്നുണ്ട് 

തിരുവനന്തപുരം : എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി  എന്നൊന്നും ചോദിക്കരുത്. സര്‍ക്കാര്‍ തീരുമാനിച്ചു. അത് നടപ്പാക്കാനും ധാരണയായി. ഇനി ആരും വായ തുറക്കരുത്. സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഭരണകക്ഷി അംഗങ്ങളുടെ പ്രതികരണം ഇങ്ങിനൊക്കെയാണ്. എന്തുവില കൊടുത്തും സ്വകാര്യൻമാരെ കേരളത്തിൽ കാലുകുത്തിക്കില്ല എന്ന് ശപഥം ചെയ്ത എസ്.എഫ്.ഐക്കാര്‍ ഇപ്പോൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണത്രേ.   
         സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകൾ തുടങ്ങാനുള്ള തീരുമാനം കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ഇനി അത് നിയമസഭയിൽ ബില്ലായി എത്തി പാസാക്കിയാൽ പിന്നെ കാര്യങ്ങൾ വേഗത്തിൽ തീര്‍പ്പാകും. സര്‍ക്കാരിന്റെ നയവ്യതിയാനത്തിന് പിന്നിൽ അഴിമതി ഉണ്ടെന്ന തരത്തില്‍ ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ടെങ്കിലും പ്രതിപക്ഷം അത് കാര്യമായി ഏറ്റെടുക്കുന്നില്ല. ബ്രൂവറി വിഷയത്തിലെ ആരോപണങ്ങൾ ആവിയായിപ്പോയെന്ന പ്രതീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 
        അതേസമയം, ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ മന്ത്രി എവിടേ എന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ചോദിക്കുന്നുണ്ട്. സ്വകാര്യസര്‍വ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നവര്‍ നാട്ടിലെ പൈതൃകയൂണിവേഴ്സിറ്റികളിലെ ശോച്യാവസ്ഥ എന്തുകൊണ്ട് പരിഹരിക്കുന്നില്ല എന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പല കോളേജുകളിലും ആര്‍ട്സ് ആന്റ് സയൻസ് ബാച്ചുകൾ പലതിലും ഇപ്പോഴും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പല വിദ്യാര്‍ത്ഥികളും ഉന്നതവിദ്യാഭ്യാസത്തിനായി യു.കെയിലോട്ടും കാനഡയിലോട്ടും മൈഗ്രേറ്റ് ചെയ്യുന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img