12:06am 10 November 2026
NEWS
പാവം ടീച്ചര്‍ വിശ്വസിച്ച് അടക്കം പറഞ്ഞു
എത്തിയത് പിണറായിയുടെ ചെവിയിൽ !

28/04/2025  12:14 PM IST
News Bureau
എല്ലാം മായ തന്നെ !
HIGHLIGHTS

ഭാര്യയും മകളും തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് എന്നും തത്പരകക്ഷികൾ... 

തിരുവനന്തപുരം : അതെന്താ പി.കെ. ശ്രീമതി ടീച്ചര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്താൽ ? ജനാധിപത്യവാദികളായ സി.പി.എമ്മുകാര്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഉന്നയിക്കുന്ന ചോദ്യമിതാണ്. 75 വയസ് കഴിഞ്ഞതിനാൽ ശ്രീമതിയെ സംസ്ഥാന സമിതിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ നേതാവെന്ന നിലയിൽ കേന്ദ്രകമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിനന്ദൻ നൽകുന്ന വിശദീകരണം. ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത് ഒരേയൊരു കാര്യം മാത്രം - പിണറായി വിജയന്റെ അതൃപ്തിയല്ല ശ്രീമതിയെ മാറ്റിനിര്‍ത്താൻ കാരണം. സി.പി.എമ്മിന്റെ ന്യായീകരണതൊഴിലാളികൾ ഇതേറ്റ് പാടുന്നുണ്ടെങ്കിലും ഉള്ളുകള്ളികൾ പലതും ഇനിയും പുറത്തുവരാനുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. 
           പിണറായി വിജയനുമായി ബന്ധപ്പെട്ട് അത്രസുഖകരമല്ലാത്ത ചില നീക്കങ്ങൾ ശ്രീമതി നടത്തിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും ഇപ്പോഴത്തെ നടപടി പിണറായിയുടെ വ്യക്തിതാത്പര്യത്തിന് അനുസരിച്ചാണെന്നും ചില സൂചനകൾ ലഭിക്കുന്നുണ്ട്. സി.പി.എമ്മിലെ ചില പ്രമുഖരുമായി ഫോണിൽ സംസാരിച്ച ശ്രീമതി പിണറായി വിജയനെതിരെ ചില പരാമര്‍ശങ്ങൾ നടത്തിയത്രേ. അദ്ദേഹത്തിന്റെ ഭാര്യയും മകളും തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് എന്നും തത്പരകക്ഷികൾ അടക്കം പറയുന്നു. എന്നാൽ ശ്രീമതി വിശ്വാസത്തിന്റെ പുറത്ത് തുറന്നുപറഞ്ഞ കാര്യങ്ങൾ എങ്ങിനെ അങ്ങാടിപ്പാട്ടായി എന്നതാണ് ആര്‍ക്കും പിടികിട്ടാത്തത്. പാര്‍ട്ടിസമ്മേളനങ്ങൾ ആരംഭിച്ചകാലം മുതൽ പലരും ആഭ്യന്തരവകുപ്പിന്റെ റഡാറിലാണ് എന്നതാണ് ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം. പിണറായി വിജയനെ അടുത്തറിയുന്ന ആര്‍ക്കും ഇവിടെ കൂടുതൽ വിശദീകരണങ്ങൾ വേണ്ടതില്ല. 
          പാര്‍ട്ടിയിൽ ശക്തനായ പിണറായിക്കെതിരെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു നീക്കവും നടക്കില്ല. എന്നാൽ വരുംദിവസങ്ങളിൽ പിണറായി വിരുദ്ധചേരിയിലെ അംഗസംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ വന്നാൽ ഈ ചേരി ശക്തമാകാനും 26ൽ ചില അടിയൊഴുക്കുകൾക്ക് കളമൊരുങ്ങാനും സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img