08:25am 10 November 2026
NEWS
വല്ലാത്തൊരു തൊലിക്കട്ടി തന്നെ !
ഇരട്ടചങ്കല്ല ഇത് ഇരട്ടത്തൊലിയാണ്

05/07/2025  09:00 AM IST
News Bureau
കഷ്ടം തന്നെ !
HIGHLIGHTS

കേരളത്തിലെ പൊതുജനാരോഗ്യരംഗം നമ്പര്‍ വൺ ആണെന്നും പണക്കാര്‍ പോലും ഇന്ന് സര്‍ക്കാര്‍ ആശുപത്രിയിൽ പോകാൻ കൊതിക്കുകയാണെന്നും മുഖ്യൻ തന്നെ നേരത്തെ പറഞ്ഞിരുന്നു ... 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എയറിലാണ് ! അതെങ്ങിനെ ശരിയാകും അദ്ദേഹം ശനിയാഴ്ച വൈകിട്ടല്ലേ അമേരിക്കയ്ക്ക് പുറപ്പെടൂ. അത് വിമാനത്തിൽ, മേൽപ്പറഞ്ഞത് സൈബര്‍ ഇടങ്ങളിലെ കാര്യമാണ്. നാട്ടിലെ രോഗികൾ മരുന്നില്ലാതെ വലയുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ചികിത്സാര്‍ത്ഥം അമേരിക്കയ്ക്ക് പറക്കുന്നതാണ് സൈബര്‍ ഇടങ്ങളിലെ ചൂടേറിയ ചര്‍ച്ച. രാഷ്ട്രീയനിരീക്ഷകൻ അഡ്വ. ജയശങ്കര്‍ ഉൾപ്പെടെ പല പ്രമുഖരും മുഖ്യന്റെ അമേരിക്കൻ യാത്രക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സഖാക്കൻമാരും മന്ത്രിമാരുമൊന്നും ഇതേക്കുറിച്ച് പ്രതികരിക്കുന്നുമില്ല. 
        കേരളത്തിലെ പൊതുജനാരോഗ്യരംഗം നമ്പര്‍ വൺ ആണെന്നും പണക്കാര്‍ പോലും ഇന്ന് സര്‍ക്കാര്‍ ആശുപത്രിയിൽ പോകാൻ കൊതിക്കുകയാണെന്നും മുഖ്യൻ തന്നെ നേരത്തെ പറഞ്ഞിരുന്നു. പിശുക്കനെന്ന് വിളിപ്പേര് വീഴാൻ മടിക്കുന്നതുകൊണ്ടാണ് പല പണക്കാരും സര്‍ക്കാര്‍ ആശുപത്രിയിലെത്താത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാലിതെല്ലാം ഇന്ന് മുഖ്യന് തന്നെ തിരിഞ്ഞുകുത്തുകയാണ്. സൈബര്‍ ഇടങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒന്നിൽ ഇതാണ് ചോദ്യം – അല്ല മുഖ്യാ താങ്കൾ എന്തിനാണ് അമേരിക്കയിൽ പോകുന്നത്, ഇവിടെ ചികിത്സിച്ചാൽപ്പോരേ? ഇവിടെ നമ്പര്‍ വൺ തന്നെയാണ് പക്ഷേ മേൽക്കൂരയ്ക്ക് ഉറപ്പ് അമേരിക്കയിലാണ്. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനേയും ട്രോളൻമാര്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. 
        കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിൽ മരുന്നും ചികിത്സാഉപകരണങ്ങളും ആവശ്യത്തിന് ലഭ്യമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് മുഖ്യന്റെ അമേരിക്കൻ സന്ദര്‍ശനം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളിൽപ്പോലും ഒറ്റപ്പെട്ട മുറുമുറുപ്പുകൾ ഉയരുന്നുണ്ടെങ്കിലും മുഖ്യനെ ഭയന്ന് ആരും ഒന്നും പറയുന്നില്ല. അതേസമയം, മുഖ്യന് ഇരട്ടച്ചങ്കല്ല ഇരട്ടത്തൊലിയാണെന്നു പോലും പലരും പരിഹസിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ഇത്രയധികം ആഡംബരജീവിതം അനുവദനീയമാണോ എന്നുചോദിക്കുന്നവരും ധാരാളം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img