03:11am 11 November 2026
NEWS
ഹോ... ഇതെന്തൊരു നാണക്കേട് !
പാലോട് രവിക്ക് തിരിച്ചുവരാനാകില്ല

27/07/2025  06:35 AM IST
News Bureau
നാണംകെട്ട് മടക്കം
HIGHLIGHTS

ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല മറ്റാര്‍ക്കും നൽകിയിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി യുവമുഖം ജില്ലയുടെ അമരക്കാരനാകും...ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല മറ്റാര്‍ക്കും നൽകിയിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി യുവമുഖം ജില്ലയുടെ അമരക്കാരനാകും... 

തിരുവനന്തപുരം : അന്ന് രാജിക്കത്ത് കൊടുത്തപ്പോൾ പാര്‍ട്ടി വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ദേ അതേ പാര്‍ട്ടി തന്നെ രാജി ചോദിച്ചുവാങ്ങി. തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ രാഷ്ട്രീയഭാവി ഏതാണ്ട് അസ്തമിച്ചു. വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നതാണ് സീനിയര്‍ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവിക്ക് വിനയായത്. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂക്കുംകുത്തി താഴെവീഴും എന്നാണ് പ്രാദേശികനേതാവുമായുള്ള ഫോൺ സംഭാഷണത്തിൽ രവി വ്യക്തമാക്കിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. നിയമസഭതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേടും. അതോടെ കോൺഗ്രസ് തകരും. പല നേതാക്കൻമാരും ബി.ജെ.പിയിലേക്കും ഇതരസംഘടനകളിലേക്കും ചേക്കേറും. ബി.ജെ.പി. 60 മണ്ഡലങ്ങളിൽ മുന്നേറും. തുടങ്ങി ഇന്ത്യൻനാഷണൽ കോൺഗ്രസിനെ അടിമുടി പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ് പാലോട് രവി പറഞ്ഞത്. 
        രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലിനേയും പാര്‍ട്ടി പുറത്താക്കി. രവിയുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് പാര്‍ട്ടിയുടെ സര്‍വ്വനാശം ഉറപ്പാണ് എന്ന തരത്തിൽ ജലീലും സംസാരിച്ചിരുന്നു. മാത്രമല്ല പാര്‍ട്ടിയിൽ വിഭാഗീയത ശക്തമാണെന്നും ഓരോരുത്തരും ഓരോ നേതാക്കൻമാരുടെ മൂടുതാങ്ങി നടക്കുകയാണ് എന്നുമാണ് ഇരുവരും സംസാരിച്ചതിന്റെ രത്നചുരുക്കം. എന്നാൽ പുല്ലമ്പാറ പഞ്ചായത്തിലെ പ്രവര്‍ത്തകരുടെ തമ്മിലടി പരിഹരിക്കാൻ അവരെ താൻ മോട്ടിവെറ്റ് ചെയ്തതാണെന്നാണ് രവിയുടെ വിശദീകരണം. നേരാംവണ്ണം പണി എടുത്തില്ലേൽ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രവര്‍ത്തകരെ താൻ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെ.പി.സി.സി. ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. 
      നേരത്തേ, സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മലയിൽ പ്രസിഡന്റ് അടക്കം രാജിവെച്ചതിനെ തുടര്‍ന്ന് പാലോട് രവി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാൽ അന്ന് പാര്‍ട്ടി അത് നിരാകരിച്ചു. എന്നാൽ അതേ പാര്‍ട്ടി വിവാദ ഫോൺസംഭാഷണം പുറത്തുവന്നതോടെ രവിയുടെ രാജിചോദിച്ചുവാങ്ങുകയായിരുന്നു. ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല മറ്റാര്‍ക്കും നൽകിയിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി യുവമുഖം ജില്ലയുടെ അമരക്കാരനാകും എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, രവി പറഞ്ഞതിൽ കാര്യമുണ്ടെന്നും അക്കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും വാദിക്കുന്ന ഒരുവിഭാഗവും പാര്‍ട്ടിയിലുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img