09:15pm 09 November 2026
NEWS
ദേ സൈബര്‍ വാര്‍ തുടരുന്നു ...
സഖാക്കൻമാര്‍ക്ക് ഇന്ദിര താരം !

11/05/2025  07:57 AM IST
News Bureau
വാര്‍ ഇൻ സൈബര്‍ !
HIGHLIGHTS

അതിനവര്‍ ഇന്ദിരയെ തിരഞ്ഞെടുത്തപ്പോൾ കോൺഗ്രസ്സുകാര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഏതായാലും ഞങ്ങളും ഒട്ടുംപിന്നോട്ടല്ല എന്ന മട്ടിൽ കോൺഗ്രസ്സ് പോരാളികളും സൈബറിടത്തിൽ വിളവെടുക്കാൻ വന്നിട്ടുണ്ട്.....

 

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ ഇന്ദിരയാണ് താരം ! അതെ, സാക്ഷാൽ ഇന്ദിരാഗാന്ധി. അടിയന്താരവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന ഇടതുപക്ഷം തന്നെയാണ് ഇപ്പോൾ അവരെ നാഴിക്ക് നാൽപ്പതുവട്ടം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് കൗതുകകരമായ സംഗതി. 1971 ലെ ഇന്ത്യാ-പാക് യുദ്ധം നമ്മൾ ജയിച്ചത് ഇന്ദിരയുടെ മികവുകൊണ്ടാണ് എന്നാണ് സഖാക്കൻമാര്‍ സ്ഥാപിക്കുന്നത്. ഒരുപക്ഷേ കോൺഗ്രസ്സുകാര്‍പോലും പറയാനും പുകഴ്ത്താനും മടിക്കുന്ന കാര്യങ്ങൾ പോലും വാരിക്കോരി ഇന്ദിരയ്ക്കുമേൽ ചാര്‍ത്തുന്നതിന് പിന്നിൽ അജണ്ട ഒന്നുമാത്രം. പ്രധാമനമന്ത്രി നരേന്ദ്രമോദിയല്ല ആദ്യത്തെ യുദ്ധതന്ത്രജ്ഞൻ എന്ന് സ്ഥാപിച്ചെടുക്കണം. അതിന്റെ ഭാഗമായിട്ടാണ് സൈബര്‍ സഖാക്കൻമാര്‍ ഈ പുകഴ്ത്തൽ വേലയുമായി ഇറങ്ങിയിരിക്കുന്നത്. 
          പഹൽഗാമിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ സ്ട്രാറ്റജിയും ലോകരാജ്യങ്ങൾ ഇന്ത്യക്ക് നൽകിയ പിന്തുണയും നരേന്ദ്രമോദിക്ക് ഫാൻ ബെയ്സ് വര്‍ദ്ധിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. മാത്രമല്ല, മോദിയെ പ്രതിപക്ഷം വിമര്‍ശിച്ച റഫേൽ യുദ്ധവിമാനമൊക്കെ ഇപ്പോൾ സേനയ്ക്ക് വളരെയധികം ഉപയോഗപ്പെട്ടിട്ടുണ്ട്. ഡ്രോൺ ശക്തിയായ തുര്‍ക്കിയും മിസൈൽ പ്രഹരശേഷിയിൽ ഊറ്റം കൊണ്ട ചൈനയും പരാജയപ്പെട്ടിടത്ത് ഇന്ത്യൻ സൈന്യം അടിച്ചുകയറിയിരിക്കുന്നു. ഇത് മോദിയുടെ നേട്ടമായി ബി.ജെ.പി. ക്യാമ്പ് പ്രകീര്‍ത്തിക്കുമ്പോൾ തിരിച്ചടിക്കാൻ സി.പി.എം. ഹാന്റിലുകൾക്ക് ഒരു ടൂൾ വേണമായിരുന്നു. അതിനവര്‍ ഇന്ദിരയെ തിരഞ്ഞെടുത്തപ്പോൾ കോൺഗ്രസ്സുകാര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഏതായാലും ഞങ്ങളും ഒട്ടുംപിന്നോട്ടല്ല എന്ന മട്ടിൽ കോൺഗ്രസ്സ് പോരാളികളും സൈബറിടത്തിൽ വിളവെടുക്കാൻ വന്നിട്ടുണ്ട്. 
        അതേസമയം, റഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്ന വാദവുമായി രംഗത്തുവന്ന പഴയ സി.പി.എം. പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് ബി.ജെ.പി. പ്രതിരോധം തീര്‍ക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും മോദിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐക്കാര്‍ എ.എ. റഹീമിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനമൊക്കെ അവര്‍ കുത്തിപ്പൊക്കുന്നുണ്ട്. ട്രോളിന് ഇരപ്പെടുന്നവരുടെ കൂട്ടത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള പ്രമുഖരും ഉണ്ട്. സഖാക്കൻമാരുടെ ചങ്കിലെ ചൈനയുടെ ചങ്കിൽ പാകിസ്ഥാനാണെന്നും അവര്‍ പരിഹസിക്കുന്നു. ഭൂകമ്പത്താൽ ബാധിക്കപ്പെട്ട തുര്‍ക്കിക്ക് പത്തുകോടി ധനസഹായം നൽകാൻ കേരളം നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ അതേ തുര്‍ക്കി പ്രതിസന്ധിഘട്ടത്തിൽ, മതംനോക്കി പാകിസ്ഥാനൊപ്പം കൂടി എന്ന ആക്ഷേപവും ബി.ജെ.പി. ക്യാമ്പ് ഉന്നയിക്കുന്നു. ഫലത്തിൽ അതിര്‍ത്തിയിലെ യുദ്ധത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സൈബര്‍ പോര് അവസാനിക്കുന്നില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img