03:45am 10 November 2026
NEWS
എന്തുപറഞ്ഞാലും നീ എന്റേതല്ലേ...
മുഖ്യന്റെ ഒരുവെടിക്ക് രണ്ടുപക്ഷി !

16/04/2025  09:50 AM IST
അനീഷ് മോഹനചന്ദ്രന്‍
പിന്നിലെ കളികൾ ?
HIGHLIGHTS

കേരളാപൊലീസിൽ നിന്നും ഒരാൾ പാര്‍ലമെന്ററി രംഗത്തേയ്ക്ക് വന്നാൽ അതിന് പിന്നിൽ ചില അപകടങ്ങളുണ്ടെന്ന് പിണറായിക്ക് നന്നായി അറിയാം. മാത്രമല്ല, കേന്ദ്രത്തിലെ തന്റെ ചില നീക്കുപോക്കുകൾക്ക്... 

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന് മൂന്നുമക്കളാണ്. ബയോളജിക്കലി രണ്ടുമക്കളും മൂന്നാമത്തേത് വളര്‍ത്തുപുത്രനായ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും – പറഞ്ഞത് മുൻ നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവറാണ്. അതുകൊണ്ടുതന്നെ അജിത്കുമാറിനെതിരായ ഒരന്വേഷണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നും അൻവര്‍ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ, തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസിൽ തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ അംഗീകരിച്ച് ഫയലിൽ ഒപ്പുചാര്‍ത്തി. ഇതോടെ ഒരു കേസിൽ അജിത്കുമാര്‍ സേഫായി. അതേസമയം, തനിക്കെതിരെ വ്യാജമൊഴി കൊടുത്ത അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എ.ഡി.ജി.പി. പി. വിജയൻ നൽകിയ പരാതി മുഖ്യമന്ത്രി തൊട്ടില്ല. തനിക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അജിത്കുമാര്‍ തെറ്റായ മൊഴി നൽകിയതിനെതിരെയായിരുന്നു പി. വിജയന്റെ നീക്കം. 
          വിജയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജിത്കുമാറിനെതിരെ കേസ് എടുക്കാം എന്നായിരുന്നു സംസ്ഥാനപൊലീസ് മേധാവി ഷേഖ് ധര്‍വേഷ്സാഹിബിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തും നൽകി. പക്ഷേ, അത് മുഖ്യമന്ത്രി പാടേ  അവഗണിക്കുകയായിരുന്നു. ഇതിന് പിന്നിൽ അജിത് കുമാറിനോടുള്ള സ്നേഹവാത്സല്യമെന്നാണ് പുറമേ പറയുന്നതെങ്കിലും അതിനപ്പുറം മുഖ്യമന്ത്രിക്ക് വിജയനോടുള്ള നീരസവും ഒരു പ്രധാന ഘടകമാണ്. വിജയനോട് മുഖ്യമന്ത്രിക്ക് നീരസമുണ്ടായതിന് പിന്നിൽ രണ്ടുകാരണങ്ങളുണ്ട്. അതിൽ പ്രധാനം മുഖ്യന്റെ കണ്ണിലെ കരടായ മുൻ ഡി.ജി.പി. ഡോ.ടി.പി. സെൻകുമാറിന്റെ ഇഷ്ടതോഴനാണ് വിജയൻ. രണ്ട് വിജയന് ആര്‍.എസ്.എസിലെ ചില ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല അദ്ദേഹം സര്‍വ്വീസിൽ നിന്നും സ്വയം വിരമിച്ച് പാര്‍ലമെന്ററി രംഗത്തേയ്ക്ക് വരുന്നതിനെക്കുറിച്ചുപോലും അടുത്തിടെ ആലോചിച്ചിരുന്നു. 
          കേരളാപൊലീസിൽ നിന്നും ഒരാൾ പാര്‍ലമെന്ററി രംഗത്തേയ്ക്ക് വന്നാൽ അതിന് പിന്നിൽ ചില അപകടങ്ങളുണ്ടെന്ന് പിണറായിക്ക് നന്നായി അറിയാം. മാത്രമല്ല, കേന്ദ്രത്തിലെ തന്റെ ചില നീക്കുപോക്കുകൾക്ക് അത് തടസ്സമാകുമെന്നും അദ്ദേഹം ഭയപ്പെട്ടു. ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി അറസ്റ്റിലായത് സംബന്ധിച്ച രഹസ്യവിവരം മാധ്യമങ്ങൾക്ക് ചോര്‍ത്തിനൽകിയെന്ന ആരോപണത്തിൻമേൽ വിജയനെ സസ്പെന്റ് ചെയ്തതും ഇതുമായി ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ്. ഈ സാഹചര്യത്തിൽ വിജയനെ ഒതുക്കേണ്ടത് മറ്റാരെക്കാളും നന്നായി മുഖ്യന്റെ ആവശ്യമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img