10:25pm 03 November 2026
NEWS
ഗുണം പാര്‍ട്ടിക്കെന്ന് ചെന്നിത്തല
അപ്പോൾ സുകുമാരൻ നായര്‍ക്കോ ?

03/01/2025  08:48 AM IST
News Bureau
രമേശയുഗമോ ?
HIGHLIGHTS

സി.പി.എമ്മുമായി വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല അകൽച്ചയിലാണ് സുകുമാരൻ നായര്‍. ശബരിമല വിവാദം കത്തിയപ്പോൾ ഈ അകൽച്ച വര്‍ദ്ധിക്കുകയും ചെയ്തു 

തിരുവനന്തപുരം : താൻ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും മുന്നിൽകണ്ടല്ലെന്നും അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിക്കുമെന്നും മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല എം.എൽ.എ. എന്നാൽ കളിച്ചുനടന്ന കാലം മുതൽ രമേശ് ചെന്നിത്തല ഈ മണ്ണിന്റെ സന്തതിയാണ് എന്നാണ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയചര്‍ച്ചകളാണ് ഇപ്പോൾ കേരളത്തിൽ സജീവമായി മുന്നേറുന്നത്. ചെന്നിത്തലയുമായുള്ള പിണക്കം മാറ്റി അദ്ദേഹത്തെ പെരുന്നയിൽ എത്തിച്ച സുകുമാരൻ നായര്‍ക്ക് ചില കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ മണ്ണ് എന്നതുകൊണ്ട് സുകുമാരൻ നായര്‍ ഉദ്ദേശിച്ചത് നായര്‍ തട്ടകം എന്നാണെന്നും ചിലര്‍ വിലയിരുത്തുന്നു. 
            സി.പി.എമ്മുമായി വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല അകൽച്ചയിലാണ് സുകുമാരൻ നായര്‍. ശബരിമല വിവാദം കത്തിയപ്പോൾ ഈ അകൽച്ച വര്‍ദ്ധിക്കുകയും ചെയ്തു. ഇതിന് മറുമരുന്ന് നൽകാൻ അദ്ദേഹം കാത്തിരുന്നെങ്കിലും 2021ൽ സംസ്ഥാനത്ത് തുടര്‍ഭരണം വന്നു. ഇതോടെ എല്ലാ പദ്ധതികളും പാളി. ഈ സാഹചകര്യത്തിൽ സംസ്ഥാനത്ത് യു.ഡി.എഫ്. ഭരണം വരേണ്ടതുണ്ട് എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുവേ സമുദായസംഘടനകളേയും നേതാക്കൻമാരേയും അംഗീകരിക്കുന്ന ആളല്ല. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയെ നായര്‍ സമുദായത്തിന്റെ വക്താവായി ഉയര്‍ത്തിക്കാട്ടിയാൽ അത് തന്റെ ലക്ഷ്യങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കരുതുന്നു. 
           വരുംദിവസങ്ങളിൽ നായര്‍ സമുദായ അംഗങ്ങളെ യു.ഡി.എഫ്. പാളയത്തിലേക്ക് എത്തിക്കുന്ന തരത്തിൽ ചില നീക്കുപോക്കുകൾ നടത്താനും സുകുമാരൻ നായര്‍ ലക്ഷ്യമിടുന്നുണ്ടത്രേ. തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കുക എന്നതാകും പ്രാഥമിക നടപടി. തുടര്‍ന്ന് രമേശ് ചെന്നിത്തലയെ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനും അദ്ദേഹം താത്പര്യപ്പെടുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img