ഓഹരിവിപണിക്ക് ‘ശനിദിശ’ തന്നെ !

നിലവിൽ 24,609 ൽ നിൽക്കുന്ന നിഫ്റ്റി 24,000 ത്തിന് താഴേക്ക് വന്നാൽ അത് വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. പ്രമുഖ ബാങ്കിംഗ് സൂചികയായ ബാങ്ക് നിഫ്റ്റി ഇപ്പോൾ 54,941ലാണ് നിൽക്കുന്നത്
മുംബൈ : ഓഹരിവിപണിയിൽ പണമിറക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കാരണം അദ്ദേഹം യു.എസിലെ ശതകോടീശ്വരനും യു.എസ്. മാര്‍ക്കറ്റിലെ കയറ്റിറക്കങ്ങൾക്കനുസരിച്ച് നേട്ടം കൊയ്യുന്ന ബിസിനസ് മാഗ്നറ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രമ്പ് നടത്തുന്ന ഓരോ പ്രഖ്യാപനങ്ങളും ഓഹരിവിപണിക്ക് അനുകൂലസാഹചര്യം ഒരുക്കും എന്നതുറപ്പാണ്. അമേരിക്കയിൽ സംഭവിക്കുന്ന പോസിറ്റീവ് മുന്നേറ്റം ഇങ്ങ് നമ്മുടെ നാട്ടിലും പ്രതിഫലിക്കും. ഇതാണ് ട്രമ്പ് ഓഹരിനിക്ഷേപകര്‍ക്ക് പ്രിയങ്കരനായി മാറാൻ കാരണം.
എന്നാൽ അദ്ദേഹത്തിന്റെ രണ്ടാംവരവിൽ കാര്യങ്ങൾ കീഴിൻമേൽ മറിഞ്ഞു. അധികാരമേറ്റതിന് തൊട്ടുപിന്നാലെ ലോകരാജ്യങ്ങളോട് ചുങ്കയുദ്ധം ആരംഭിച്ച ട്രമ്പിന്റെ പ്രഖ്യാപനങ്ങൾ പലതും ഓഹരിവിപണിക്ക് ഭൂഷണമായിരുന്നില്ല. അമേരിക്കയിലെ കുടിയേറ്റനയം ഉൾപ്പെടെ അദ്ദേഹം കൈക്കൊണ്ട സകലതീരുമാനങ്ങളും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എങ്ങോട്ട്കൊണ്ടുപോകുമെന്ന ആശങ്കയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്വഭാവികമായും ഇതിന്റെ അനുരണനങ്ങൾ ഇന്ത്യൻ സ്റ്റോക് എക്സ്ചേഞ്ചിലും പ്രകടമായി. ഇതിന്റെ ക്ഷീണത്തിൽ നിന്നും കരകയറുംമുന്നേ പഹൽഗാം ആക്രമണം എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. പഹൽഗാമിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങൾ ഇന്ത്യക്ക് അനുകൂലമാണെങ്കിലും തുടര്‍ന്നങ്ങോട്ട് വിപണി ഉഷാറാകുന്നില്ല എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം. നിലവിലെ സ്ഥിതി തുടര്‍ന്നാൽ ആഗോളനിക്ഷേപകരിൽ പലരും ഇന്ത്യൻ വിപണിയെ താത്കാലികമായെങ്കിലും കൈവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. നിലവിൽ 24,609 ൽ നിൽക്കുന്ന നിഫ്റ്റി 24,000 ത്തിന് താഴേക്ക് വന്നാൽ അത് വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. പ്രമുഖ ബാങ്കിംഗ് സൂചികയായ ബാങ്ക് നിഫ്റ്റി ഇപ്പോൾ 54,941ലാണ് നിൽക്കുന്നത്. ഇത് കീഴ്പ്പോട്ട് പോകാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 51,347 ന് താഴേക്ക് ബാങ്ക് നിഫ്റ്റി എത്തുകയാണെങ്കിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ അത് ദോഷകരമായി മാറിയേക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം, ആഗോള ഐ.ടി. ഭീമൻമാര്‍ കുടികൊള്ളുന്ന അമേരിക്കയിലെ പുതിയ നയങ്ങൾ ലോകമാസകലം ഐ.ടി. രംഗത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. നമ്മുടെ ഐ.ടി. സൂചികയായ നിഫ്റ്റി ഐ.ടി. കഴിഞ്ഞദിവസം 1.31 ശതമാനം ഇടിഞ്ഞ് 37,050 ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇത് 36,000 പിന്നിട്ട് ഇനിയും താഴോട്ട് പോയാൽ മൊത്തസൂചിക ഇനിയും ഇടിഞ്ഞ് താഴേക്ക് പോകുമെന്നുറപ്പാണ്. മാത്രമല്ല ആഗോള ഐ.ടി. രംഗത്ത് ആസന്നമായേക്കാവുന്ന മാന്ദ്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത് എന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Photo Courtesy - Google











