07:29am 10 November 2026
NEWS
പാഠം പഠിച്ച് യു.ഡി.എഫ്. മുന്നോട്ട്
നന്നാവില്ലെന്ന വാശിയിൽ ഗോവിന്ദൻ

28/06/2025  08:03 AM IST
News Bureau
ഇയാള് നാറ്റിക്കും
HIGHLIGHTS

തങ്ങൾ തോറ്റു എന്ന യാഥാര്‍ത്ഥ്യം ഇതുവരെ അംഗീകരിക്കാൻ തയ്യാറാകാതെയാണ് ഇടതുക്യാമ്പ് മുന്നോട്ടുപോകുന്നത്. വോട്ടിംഗ് ശതമാനത്തിലെ സാങ്കേതികവാദങ്ങളും വര്‍ഗ്ഗീയതയുമൊക്കെ ഉയര്‍ത്തിക്കാട്ടി 

തിരുവനന്തപുരം : നിലമ്പൂര്‍ തിരഞ്ഞെടുപ്പിൽ ജയിച്ചത് തങ്ങളാണെങ്കിലും ജയത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്നാണ് യു.ഡി.എഫ്. നേതാക്കൻമാരുടെ പക്ഷം. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാൽ ഫലമുണ്ടാകുമെന്നതാണ് ഒന്നാം പാഠം. കാലുവാരലും പരസ്പരം ചെളിവാരി എറിയലും ഒഴിവാക്കിയാൽ ഏത് ബാലികേറാമലയും കീഴടക്കാം. അത് രണ്ടാം പാഠം. രാഷ്ട്രീയത്തിനൊപ്പം വികസനം ചര്‍ച്ചയാക്കിയാൽ ഏഷണികളും കുത്തിത്തിരിപ്പും വിലപ്പോകില്ല എന്നത് മൂന്നാം പാഠം. ഏതായാലും വൈകിയവേളയിലുദിച്ച വിവേകത്തിന്റെ അടിസ്ഥാനത്തിൽ കുടുംബസംഗമം ഉൾപ്പെടെയുള്ള ജനസമ്പര്‍ക്ക പരിപാടികൾ സംസ്ഥാന തലത്തിൽ വ്യാപകമാക്കാനാണ് യു.ഡി.എഫ്. ക്യാമ്പിന്റെ തീരുമാനം. കോൺഗ്രസ്സാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. 2026ന് മുന്നോടിയായി ജനങ്ങളിലേക്ക് പരമാവധി ഇറങ്ങിച്ചെന്നാൽ ജയം സുനിശ്ചിതമെന്ന് അവര്‍ കരുതുന്നു. 
        അതേസമയം, തങ്ങൾ തോറ്റു എന്ന യാഥാര്‍ത്ഥ്യം ഇതുവരെ അംഗീകരിക്കാൻ തയ്യാറാകാതെയാണ് ഇടതുക്യാമ്പ് മുന്നോട്ടുപോകുന്നത്. വോട്ടിംഗ് ശതമാനത്തിലെ സാങ്കേതികവാദങ്ങളും വര്‍ഗ്ഗീയതയുമൊക്കെ ഉയര്‍ത്തിക്കാട്ടി തോൽവിയുടെ നാണക്കേട് മാറ്റാനാണ് അവരുടെ ശ്രമം. നാണംകെട്ട ന്യായീകരണവേലകളുമായി മുന്നിൽ നിൽക്കുന്നത് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെയാണ്. എൽ.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടം തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടാൻ പി.വി. അൻവറിന് സാധിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം വോട്ടുനേടാനായതെന്നാണ് ഗോവിന്ദന്റെ പുതിയ കണ്ടുപിടിത്തം. എൽ.ഡി.എഫിന് നലമ്പൂര്‍ മണ്ഡലത്തിൽ 40,000 രാഷ്ട്രീയവോട്ടുകളുണ്ടെന്നും അത് 66,000 ആക്കി ഉയര്‍ത്തിയത് പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞതവണത്തേക്കാൾ വോട്ടുവിഹിതം കുറഞ്ഞ യു.ഡി.എഫ്. ദുര്‍ബലമായി എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. 
      ഇതിന്റെയൊക്കെ ലോജിക് എന്താണെന്ന് സെക്രട്ടറിയോട് തന്നെ ചോദിക്കണം എന്നാണ് സി.പി.എം. അണികളുടെ അടക്കംപറച്ചിൽ. നിലമ്പൂര്‍ അടഞ്ഞ അദ്ധ്യായമാണ്. ഇനി അടുത്ത് ചിന്തിക്കേണ്ടത് നിലമ്പൂരിലേറ്റ തിരിച്ചടി നാളെ സംസ്ഥാനവ്യാപകമായി പടരാതിരിക്കാൻ എന്തുചെയ്യണം എന്നതാണ്. പി.വി. അൻവര്‍ സര്‍ക്കാരിന്റെ നേട്ടം സ്വന്തം ക്രെഡിറ്റിൽ ആക്കിയെങ്കിൽ അതുതന്നെ സര്‍ക്കാരിന്റെ പിടിപ്പുകേടല്ലേ എന്നു ചോദിക്കുന്നവരും നിരവധി. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img