11:04pm 09 November 2026
NEWS
ഗോവിന്ദന്റെ കാര്യം ഗോവിന്ദാ...
പിണറായി വിജയൻ കലിപ്പിൽ
ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് ഇ.പി.

19/06/2025  08:10 AM IST
അനീഷ് മോഹനചന്ദ്രന്‍
ഗോവിന്ദൻ ഗോവിന്ദാ....
HIGHLIGHTS

അതിന്റെ ഡാമേജ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് സി.പി.എം. നേതാക്കൻമാര്‍ കരുതുന്നത്. തന്നെ വിലക്കിയ പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോൾ സ്വയം ആപ്പിൽ വീണത് കണ്ട ഇ.പി.... 

തിരുവനന്തപുരം : ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ പറഞ്ഞപ്പോൾ അത് ശ്രദ്ധക്കുറവ്. അപ്പോൾ പിന്നെ സംസ്ഥാനസെക്രട്ടറി പറഞ്ഞ വിടുവായത്തരത്തെ എന്തുവിളിക്കും? ചോദിക്കുന്നത് മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജൻ. സി.പി.എം. ആര്‍.എസ്.എസ്സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സത്യം തുറന്നുപറഞ്ഞാൽ ഒരു വിവാദവുമുണ്ടാകില്ലെന്നും കഴിഞ്ഞദിവസം പറഞ്ഞ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പിന്നീട് അതിൽ നിന്നും മലക്കം മറിഞ്ഞിരുന്നു. നിര്‍ണ്ണായകതിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് ഗോവിന്ദൻ നടത്തിയത്. മുമ്പ് പാലക്കാട് തിരഞ്ഞെടുപ്പ് വേളയിൽ, ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറിനെ താൻ നേരത്തെ കണ്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ഇ.പിയുടെ നടപടി വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. അന്ന് ഇ.പിക്ക് ജാഗ്രതക്കുറവുണ്ടെന്ന് കാട്ടി പാര്‍ട്ടി അദ്ദേഹത്തെ ശാസിച്ചിരുന്നു. 
        എന്നാലിന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി രംഗത്തു വന്നിരിക്കുന്നു. സംഗതി വിവാദമായപ്പോൾ അദ്ദേഹം പിന്നീട് മലക്കം മറിഞ്ഞു. എന്നാൽ അതിന്റെ ഡാമേജ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് സി.പി.എം. നേതാക്കൻമാര്‍ കരുതുന്നത്. തന്നെ വിലക്കിയ പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോൾ സ്വയം ആപ്പിൽ വീണത് കണ്ട ഇ.പി. ഉള്ളുകൊണ്ട് സന്തോഷിക്കുന്നതായാണ് വിവരം. ഇക്കാര്യം അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തിട്ടുണ്ടത്രേ. എന്നാൽ ഗോവിന്ദന്റെ നിലപാട് പാടേ തള്ളി മുഖ്യമന്ത്രി പിണറായി തന്നെ രംഗത്തുവന്നതോടെ പ്രശ്നം അടഞ്ഞ അദ്ധ്യായമായി മാറിയെന്നാണ് ഒരുവിഭാഗം നേതാക്കൻമാര്‍ കരുതുന്നത്. 
        ആദ്യ നിപാടിൽ നിന്നും ഗോവിന്ദൻ മലക്കം മലക്കംമറിഞ്ഞെങ്കിലും പ്രതിപക്ഷം വിഷയം കത്തിച്ചുനിര്‍ത്തി. ഇതോടെ മുഖ്യമന്ത്രിതന്നെ ലഹരിവിരുദ്ധ പരിപാടി വിശദീകരിക്കാനെന്ന പേരിൽ വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ട്ടി സെക്രട്ടറിയെ പരോക്ഷമായി തള്ളുകയും സി.പി.എം. നിലപാട് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു. ഫലത്തിൽ പിണറായിയുടെ വാര്‍ത്താസമ്മേളനം ഗോവിന്ദനുള്ള കൊട്ടായിട്ടാണ് പലരും വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയുണ്ടാകുന്നപക്ഷം ഗോവിന്ദൻ വീണ്ടും എയറിലാകുമെന്ന് ഏറെക്കുറേ ഉറപ്പായികഴിഞ്ഞു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img