എല്ലാം സേഫ് ആക്കി ‘കെട്ടിമറച്ചു’...

അജിത്കുമാറിനെതിരായ കേസ് അടഞ്ഞ അദ്ധ്യായമാകുമ്പോൾ ഇപ്പോഴും തീര്‍പ്പാകാതെ ശേഷിക്കുന്ന മറ്റൊരു ആക്ഷേപമുണ്ട്. അത് എ.ഡി.ജി.പി. പി. വിജയൻ അജിത്കുമാറിനെതിരെ നൽകിയതാണ്
തിരുവനന്തപുരം : വിജിലൻസുകാര്‍ ഏൽപ്പിച്ച ‘പണി’ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരായ അനധികൃതസ്വത്തുസമ്പാദന കേസിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ ഡി.ജി.പിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ അജിത്കുമാറിന് ഇടം നേടാൻ ഇനിയൊരുതടസ്സവും ശേഷിക്കില്ല. വിജിലൻസ് അന്വേഷണം അജിത് കുമാറിന് അനുകൂലമായി നീങ്ങുന്ന വാര്‍ത്ത കേളശബ്ദം ഓൺലൈൻ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, സെക്രട്ടറിയേറ്റിലെ ഉന്നതവൃത്തങ്ങളുടെ നിര്‍ദ്ദേശാനുസരണം വിജിലൻസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്തിമമാകുമ്പോൾ സംശയങ്ങൾ പിന്നെയും ബാക്കി.
കവടിയാറിലെ ആഡംബരവസതിക്കായി അജിത് കുമാര്‍ ഒന്നരകോടി രൂപ ലോൺ എടുത്തിട്ടുണ്ട്. അതുകൊണ്ട് അക്കാര്യം സേഫാണ്. എന്നാൽ കുറവൻകോണത്തെ ഫ്ളാറ്റ് തുച്ഛമായ വിലയ്ക്ക് വാങ്ങി ആഴ്ചകൾക്കുള്ളിൽ മറിച്ചുവിറ്റതിന് പിന്നിൽ ചില ദുരൂഹതകൾ വിജിലൻസ് സംഘം ആദ്യം കണ്ടെത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ചില തെളിവുകളും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നും കേസ് ഡയറിയിൽ ഉൾപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകൾ മാധ്യമങ്ങളിൽ നിന്നും പിൻവാങ്ങിയത് പെട്ടെന്നായിരുന്നു. ഇന്ന് വിജിലൻസ് സംഘം ഇത്തരം സംശയങ്ങളെക്കുറിച്ചോ ദുരൂഹതകളെക്കുറിച്ചോ ഒന്നും പറയുന്നുമില്ല. നിലമ്പൂര്‍ മുൻ എം.എൽ.എ. പി.വി. അൻവറാണ് പരാതിക്കാരൻ എന്നതുകൊണ്ട് ഇവിടെ അന്വേഷണത്തിന് വലിയ പ്രസക്തിയൊന്നുമില്ല. എന്നാൽ വിജിലൻസ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിൽ കോടതി എന്ത് നിലപാട് കൈക്കൊള്ളും എന്നത് കാത്തിരുന്നുകാണേണ്ട വിഷയമാണ്.
അജിത്കുമാറിനെതിരായ കേസ് അടഞ്ഞ അദ്ധ്യായമാകുമ്പോൾ ഇപ്പോഴും തീര്‍പ്പാകാതെ ശേഷിക്കുന്ന മറ്റൊരു ആക്ഷേപമുണ്ട്. അത് എ.ഡി.ജി.പി. പി. വിജയൻ അജിത്കുമാറിനെതിരെ നൽകിയതാണ്. ഇതിൽ സര്‍ക്കാര്‍ ഇതുവരെ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ല. അതെന്തുകൊണ്ടാണ് അന്വേഷിക്കാത്തത് എന്നാരും ചോദിക്കരുത്. ഏതായാലും തനിക്കെതിരായ വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ് വരുന്നതിന് മുന്നേ തന്നെ അജിത്കുമാര്‍ കവടിയാറിൽ പണി നടന്നുകൊണ്ടിരിക്കുന്ന ആഡംബര വസതി ഷീറ്റ് കൊണ്ട് ചുറ്റിമറച്ചിട്ടുണ്ട്. വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരുകാരണവശാലും മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടി ഷീറ്റ് മൂടിയശേഷം ഇവിടെ സി.സി.ടി.വി. ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം സേഫ് ആക്കി മുന്നോട്ടുപോകാനുള്ള അജിത്കുമാറിന്റെ നീക്കം വ്യക്തം.
Photo Courtesy - Google