അതൊക്കെ പണ്ട് ഇത് ചെന്നിത്തലയാ...

ചെന്നിത്തലയുടെ ആദ്യപടി പെരുന്നയിലെ പിണക്കം മാറ്റലായിരുന്നു. തന്നോട് എൻ.എസ്.എസിനുണ്ടായിരുന്ന പിണക്കമെല്ലാം പറഞ്ഞുതീര്‍ത്തു എന്ന് വ്യക്തമാക്കിയ ചെന്നിത്തല കണിച്ചുകുളങ്ങര ചെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്
തിരുവനന്തപുരം : തരൂര്‍ സഞ്ചരിച്ച വഴിയേ ചെന്നിത്തലയും. 2026ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെങ്കിൽ മുസ്ലീംജനവിഭാഗങ്ങളുടെ കൂടി വോട്ട് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍ ആദ്യമേ ചെന്ന് കണ്ടത് പാണക്കാട് തങ്ങളെ ആയിരുന്നു. എ.ഐ.സി.സി. അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് തൊട്ടുമുന്നേയാണ് തരൂര്‍ ചെന്നതെങ്കിലും ലക്ഷ്യം 2026ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു. അന്ന് തരൂരിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫലസ്തീൻ വിഷയത്തിലുൾപ്പെടെ തരൂരിന്റെ നിലപാടുകൾ ലീഗിന് അനഭിമതമാണെങ്കിലും തരൂരിനെ മികച്ച നേതാവ് എന്നവര്‍ വിശേഷിപ്പിച്ചു. എന്നാൽ തരൂരിനെ കടത്തിവെട്ടുന്ന നീക്കങ്ങളുമായി ചെന്നിത്തല ഇപ്പോൾ കളംനിറഞ്ഞ് ആടാൻ ഇറങ്ങിയിരിക്കുകയാണ്.
ചെന്നിത്തലയുടെ ആദ്യപടി പെരുന്നയിലെ പിണക്കം മാറ്റലായിരുന്നു. തന്നോട് എൻ.എസ്.എസിനുണ്ടായിരുന്ന പിണക്കമെല്ലാം പറഞ്ഞുതീര്‍ത്തു എന്ന് വ്യക്തമാക്കിയ ചെന്നിത്തല കണിച്ചുകുളങ്ങര ചെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ദേ അതിന് പിന്നാലെ അദ്ദേഹം പട്ടിക്കാട് ജാമി അ നൂരിയുടെ 60-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യാനായി പോവുകയാണ്. കഴിഞ്ഞതവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത വേദിയിലേക്ക് ചെന്നിത്തല ഇക്കുറി എത്തുന്നത് വളരെ ആസൂത്രിതമായിട്ടാണ്. ലീഗ് നേതാവ് ഡോ. എം.കെ. മുനീറാണ് അതിന് ചുക്കാൻ പിടിച്ചത്. ക്രമേണ ക്രമേണ പാര്‍ട്ടി അദ്ധ്യക്ഷൻ കെ. സുധാകരനേയും വി.ഡി. സതീശനേയും ഓവര്‍ടേക് ചെയ്ത് 2026 ൽ യു.ഡി.എഫ്. അമരക്കാരനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ഇതിന് പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് സാദ്ധ്യത തുലോം കുറവാണ് എന്ന നിഗമനമാണ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങൾക്ക് വര്‍ദ്ധിതവീര്യം നൽകിയിരിക്കുന്നത്. എന്നാൽ ചെന്നിത്തലയെ കൂടെനിന്ന് പണിയാൻ ചിലര്‍ ശ്രമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്നും ഒരുവിഭാഗം കോൺഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നുണ്ട്. മാത്രമല്ല എൻ.എസ്.എസ്. എസ്.എൻ.ഡി.പി. നേതൃത്വം ആവശ്യപ്പെടുന്നതിനനുസരിച്ച് സമുദായ അംഗങ്ങൾ വോട്ടുചെയ്യുമോ എന്നതും ചിന്തനീയമായ കാര്യമാണ്. ഏതായാലും വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയഉപചാപങ്ങൾക്ക് കേരളം വേദിയാകും എന്നുറപ്പാണ്.
Photo Courtesy - Google











