03:45am 07 November 2026
NEWS
അടുത്ത കെ.പി.സി.സി. അദ്ധ്യക്ഷൻ ആരാണ് ?
അത് ഞാനാണ്, ഞാനാണ്, ഞാൻ മാത്രമാണ്...

01/03/2025  11:47 AM IST
അനീഷ് മോഹനചന്ദ്രന്‍
കളികളോട് കളി !
HIGHLIGHTS

കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നേതാവായിരിക്കും കെ.പി.സി.സിയുട തലപ്പത്ത് എത്തുക എന്ന് ഏറെക്കുറേ ഉറപ്പ് 

തിരുവനന്തപുരം : നിങ്ങളിലാര്‍ക്കാ അടുത്ത കെ.പി.സി.സി. പ്രസിഡന്റാകാൻ താത്പര്യ...? അത് ഞാൻ തന്നെ. തിരിഞ്ഞുനോക്കുമ്പോൾ ഒരു ഹാളിലെ മുഴുവൻ ആൾക്കാരും എഴുന്നേറ്റ് നിൽക്കുന്നു, നാലുപേര്‍ ഒഴികെ. സംസ്ഥാന കോൺഗ്രസിലെ അവസ്ഥ ഇതാണ്. എഴുന്നേറ്റ് നിൽക്കാത്ത ആ നാലുപേര്‍ മുഖ്യമന്ത്രിയാകാൻ സന്നദ്ധരായി നിൽക്കുന്നവരാണ്. ശേഷിക്കുന്ന എല്ലാവര്‍ക്കും കെ.പി.സി.സി. അദ്ധ്യക്ഷ പദവിയിലാണ് താത്പര്യം. രണ്ടുകൂട്ടത്തിലും പെടാതെ നിൽക്കുന്ന ഒരേയൊരാൾ നിലവിലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ്. അദ്ദേഹം ഒരു സ്ഥാനത്തിന് വേണ്ടിയും എഴുന്നേറ്റിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാം. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. ശശി തരൂര്‍ എം.പി., കെ.സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി കസേരയ്ക്കായി കാത്തിരിക്കുന്നവര്‍. 
          മുൻമന്ത്രിയും മുൻ കെ.പി.സി.സി. അദ്ധ്യക്ഷനുമായിരുന്ന കെ. മുരളീധരനും ഉള്ളിന്റെയുള്ളിൽ മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നുണ്ടെങ്കിലും അണികളുടെ പിന്തുണ ഇല്ലാത്തത് തിരിച്ചടിയാണ്. അതുകൊണ്ട് വീണ്ടുമൊരുകുറി കെ.പി.സി.സിയിലെ ആ വലിയ കസേര കിട്ടിയാൽ കൊള്ളാമെന്ന പൂതി പുള്ളിക്കുമുണ്ട്. എന്നാൽ ജാതി,മത സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മുരളിക്ക് നറുക്ക് വീഴാൻ സാദ്ധ്യത തുലോം കുറവാണ്. കാരണം മുഖ്യമന്ത്രി ആകാൻ നിൽക്കുന്നവരെല്ലാം നായര്‍ സമുദായ അംഗങ്ങളാണ്. അങ്ങിനെ വരുമ്പോൾ ഒരു ഈഴവ കാൻഡിഡേറ്റിനെ പരിഗണിക്കേണ്ടിവരും. അതേസമയം, ഉമ്മൻചാണ്ടിക്കും കെ.എം. മാണിക്കും ശേഷം ഒരു ക്രിസ്തീയമുഖം മുന്നണിക്ക് വേണമെന്ന ആവശ്യവും ശക്തമാണ്. പട്ടികജാതിവാദവുമായി കൊടിക്കുന്നിൽ സുരേഷും കൊടിപിടിച്ച് നിൽപ്പുണ്ട് എന്നതും കാണേണ്ടതുണ്ട്. ഇവിടെയാണ് കാര്യങ്ങൾ അങ്ങുമിങ്ങും എത്താതെ നിൽക്കുന്നത്. 
           ലഭ്യമാകുന്ന വിവരങ്ങൾ കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ നിലവിലെ സാദ്ധ്യത ആറ്റിങ്ങൽ എം.പി. അടൂര്‍ പ്രകാശിന് തന്നെയാണ്. മാണി ഗ്രൂപ്പ് ഇടതുബാന്ധവം വിട്ട് യു.ഡി.എഫിലെത്തുമെന്ന പിൻവാതിൽ ഉറപ്പ് ലഭിച്ചാൽ അടൂരിന്റെ സാദ്ധ്യത 100 ശതമാനം ഉറപ്പിക്കാം. പക്ഷേ, ജോസ് കെ. മാണി മറുകണ്ടം ചാടിയാൽ റോഷിയും ടീമും ചേര്‍ന്ന് പാര്‍ട്ടി പിളര്‍ത്തും. നിലവിലെ സാഹചര്യത്തിൽ ഇനിയൊരു പിളര്‍പ്പുകൂടി താങ്ങാനുള്ള ശേഷി ആ പാര്‍ട്ടിക്കില്ലാത്തതുകൊണ്ട് ഒന്നും ആര്‍ക്കും ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ക്രിസ്തീയമുഖമായി ബെന്നി ബഹന്നാന്റെ പേര് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. എന്നാൽ ബി.ജെ.പി. പാളയത്തിലേക്ക് ഈഴവവോട്ടുകൾ ചോരുന്നത് തടയാൻ പരിഹാരം എന്ത് എന്ന് ചോദിക്കുമ്പോൾ ബെന്നിയുടെ കാര്യത്തിലും തീരുമാനം ആകുന്നില്ല. നിലവിൽ പന്ത് ഏതായാലും രാഹുൽ ഗാന്ധിയുടെ കോര്‍ട്ടിലാണ്. ഈ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നേതാവായിരിക്കും കെ.പി.സി.സിയുട തലപ്പത്ത് എത്തുക എന്ന് ഏറെക്കുറേ ഉറപ്പ്. അതായത് 2026ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ കെ.സിക്കുവേണ്ടി കെ.പി.സി.സി. പ്രസിഡന്റ് വാദിക്കണം എന്ന് സാരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img