01:28pm 10 November 2026
NEWS
ഖദറിലല്ല സാറേ കാര്യം
അത് പ്രവൃത്തിയിലാണ് ...

10/07/2025  06:45 AM IST
News Bureau
യൂത്തൻമാര്‍ ചാര്‍ജ്ജ്ഡ്
HIGHLIGHTS

2026ൽ യു.ഡി.എഫിന് ഭരണം ലഭിക്കുന്നപക്ഷം യൂത്ത് കോൺഗ്രസ് തലപ്പത്തുനിന്നും പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉൾപ്പെടെ എത്തുമെന്നാണ്... 

ആലപ്പുഴ :  കുപ്പായത്തിലല്ല കാര്യം, കൈയിലിരുപ്പ് നന്നാവണം. അത് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനും സാധിക്കണം. അങ്ങിനുള്ള നേതാക്കൻമാര്‍ക്കുമാത്രമേ ജനഹദയങ്ങളിലേക്ക് പടരാൻ സാധിക്കൂ – യൂത്ത് കോൺഗ്രസ് പഠനക്യാമ്പിന്റെ ഔട്ട്പുട്ട് ഇതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന പഠനക്യാമ്പിൽ നേതാക്കൻമാരും പ്രവര്‍ത്തകരും പങ്കുവെച്ച പൊതുവികാരത്തിന്റെ ആകത്തുക ഇങ്ങിനെ വായിക്കാം. ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ്സുകാരൊന്നും ഖദര്‍ ധരിക്കുന്നില്ല എന്നായിരുന്നു മുതിര്‍ന്ന നേതാവ് അജയ് തറയിലിന്റെ ആക്ഷേപം. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലുമൊക്കെ ജീൻസും ടിഷര്‍ട്ടും ധരിച്ച് നിയമസഭയിൽ ഉൾപ്പെടെ വരുന്ന സാഹചര്യത്തിലായിരുന്നു അജയ് തറയിൽ വിമര്‍ശം ഉന്നയിച്ചത്. ഇത് പഠനക്യാമ്പിൽ സജീവചര്‍ച്ചയായി. എന്നാൽ അതിൽ ഒരു കഴമ്പുമില്ലെന്നാണ് യൂത്തൻമാരുടെ വിലയിരുത്തൽ. 
         ലക്ഷ്വറി കാറിൽ സഞ്ചരിച്ചിട്ട് ഖദറിന്റെ ഒരറ്റം കീറിവെച്ചാൽ എളിമയാകില്ലെന്ന് അഭിപ്രായപ്പെട്ട നേതാക്കൻമാരുമുണ്ട്. കാലം മാറി. യുവാക്കളുടെ കാഴ്ചപ്പാടിൽ സമൂലമാറ്റങ്ങളുണ്ടായിട്ടുണ്ട്. തങ്ങളുടെ ചിന്തകൾ അംഗീകരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ മാത്രമേ ചെറുപ്പക്കാര്‍ ഏറ്റെടുക്കൂ. അല്ലാത്തവരെ തന്തവൈബ് എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമെന്നും ക്യാമ്പിൽ പൊതുഅഭിപ്രായം ഉണര്‍ന്നു. 2026ന് മുന്നോടിയായി യു.ഡി.എഫിനെ ശക്തിപ്പെടുത്താനും ഭരണം തിരിച്ചുപിടിക്കാനും ചെറുപ്പക്കാരുടെ കൂട്ടായ്മകൾ ഇനിയും ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ടെന്ന പൊതുവിലയിരുത്തലിലാണ് ക്യാമ്പ് അവസാനിച്ചത്. 
        2026ൽ യു.ഡി.എഫിന് ഭരണം ലഭിക്കുന്നപക്ഷം യൂത്ത് കോൺഗ്രസ് തലപ്പത്തുനിന്നും പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉൾപ്പെടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവിടെ ഉയരുന്നത് ഒരുചോദ്യം മാത്രം. അങ്ങിനൊരു മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ഷാഫി പറമ്പിൽ ഡെൽഹിയിൽ നിന്നും പാലക്കേടേയ്ക്ക് മടങ്ങുമോ അതോ തന്റെ വിശ്വസ്തനായ രാഹുൽ മാങ്കൂട്ടത്തിലിനെ പണി ഏൽപ്പിക്കുമോ എന്നതാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img