ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളോ ?

പ്രതികൂല നടപടിയോ നിരീക്ഷണമോ കോടതിയുടെ ഭാഗത്തുനിന്നുണ്ടായാൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയേണ്ടി വരും. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പതനം ആഗ്രഹിക്കുന്ന പാര്ട്ടിക്കാര്...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണവിജയൻ മാസപ്പടി കേസിൽ അകത്താകുമോ? സി.പി.എം. വിരുദ്ധചേരിയിലുള്ളവരുടെ മനസ്സിൽ സജീവമായി നിൽക്കുന്ന ചോദ്യം ഇതാണ്. വിവാദ സി.എം.ആര്.എൽ കമ്പനിയിൽ നിന്നും, നൽകാത്ത സേവനത്തിന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വീണക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ.) ടീം കേസെടുത്തിരിക്കുന്നത്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് വീണയ്ക്ക് ഉടൻ സമൻസ് അയക്കുമെന്നും അവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം. എന്നാൽ അറസ്റ്റിനെത്തുടര്‍ന്ന് വീണയെ എസ്.എഫ്.ഒ. സംഘം കസ്റ്റഡിയിൽ വാങ്ങുമോ എന്നതാണ് ഏവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുസൂചനയും അധികൃതര്‍ പുറത്തുവിടുന്നില്ല എന്നതാണ് വാസ്തവം.
തന്റെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ മുഖ്യമന്ത്രിയും സംഘവും ആവത് ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി പരിപാടി പോലും മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യൻ ഓടിയെത്തിയതും അദ്ദേഹത്തിന്റെ കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് യാത്ര അയച്ചതുമൊക്കെ ഇതിന്റെ ഭാഗമായിട്ടാണ് എന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ വേണ്ടി ആദ്യഘട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ ബി.ജെ.പി. കാലം മാറിയപ്പോൾ കളംമാറി കളിക്കുന്നതായാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന. എന്നാൽ കേന്ദ്രഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമാണ് സി.പി.എം. വൃത്തങ്ങൾ പറയുന്നത്.
പുറമേ വലിയ ശുഭാപ്തിവിശ്വാസമൊക്കെ വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും മുഖ്യനും കുടുംബവും കേസിന്റെ നൂലാമാലകളിൽ അസ്വസ്ഥരാണ് എന്നതാണ് തലസ്ഥാനത്ത് നിന്നും ലഭിക്കുന്ന പൾസ്. മകളെ രക്ഷിക്കാൻ സാദ്ധ്യമായ വഴികളെല്ലാം അദ്ദേഹം നോക്കുന്നുണ്ട്. ആരോപണവിധേയയായി നിൽക്കുന്നത് വീണ ആണെങ്കിലും വീണയുടെ കമ്പനി അക്കൗണ്ടിലെത്തിയ പണം മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണ് എന്നാണ് കേന്ദ്രഏജൻസി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികൂല നടപടിയോ നിരീക്ഷണമോ കോടതിയുടെ ഭാഗത്തുനിന്നുണ്ടായാൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയേണ്ടി വരും. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പതനം ആഗ്രഹിക്കുന്ന പാര്ട്ടിക്കാര് പോലും കൈവിട്ടെന്ന് വരാം. ഈ സാഹചര്യത്തിൽ ക്ലിഫ് ഹൗസ് ഇപ്പോൾ അച്ഛനുറങ്ങാത്ത വീടായി മാറി എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
Photo Courtesy - Google











