ഒടുവിൽ സ്വയം വിറച്ച് വെന്റിലേറ്ററിൽ
ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് എവിടെ ?

സഭയുടെ താത്പര്യം സംരക്ഷിക്കാൻവേണ്ടി മാത്രം മുഖ്യന്റെ കാര്‍മ്മികത്വത്തിൽ കെട്ടിയിറക്കപ്പെട്ട വീണയെ ഇനിയും പാര്‍ട്ടി ചുമക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം...
തിരുവനന്തപുരം : നമ്മുടെ ആരോഗ്യവകുപ്പിന് ഇതെന്തുപറ്റി? പൊതുജനാരോഗ്യ രംഗത്തെ കേരളാമോഡൽ എന്ന് വാതോരാതെ പ്രസംഗിച്ചാണ് പിണറായി വിജയൻ സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരം പിടിച്ചത്. ഒന്നാംടേമിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ് നേട്ടങ്ങളുടെ വാഴ്ത്തുപാട്ടുമായി പിണറായി രണ്ടാംടേമിൽ വിജയിച്ചുകയറിയത്. എന്നാൽ ആരോഗ്യവകുപ്പ് അടിമുടി വെന്റിലേറ്ററിലാണെന്ന് സമകാലിക സാഹചര്യങ്ങൾ അടിവരയിട്ടുറപ്പിക്കുന്നു. മെഡിക്കൽ കോളേജിൽ അവശ്യ ഉപകരണങ്ങൾ പൊലും ലഭ്യമാകാത്ത ദുരവസ്ഥ വിളിച്ചുപറഞ്ഞ ഡോക്ടറെ മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും ചേര്‍ന്ന് ആദ്യം വിരട്ടി. ഒടുവിൽ അദ്ദേഹത്തിനെതിരെ നടപടിക്കായി അണിയറചര്‍ച്ചകൾ വരെ നടത്തുന്നതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഒരു കെട്ടിടം തന്നെ തകര്‍ന്നുവീണത്.
സംഗതി ഗുരുതരമല്ലെന്നും ആര്‍ക്കും ഒരുപ്രശ്നവുമില്ലെന്നും പറഞ്ഞ് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് തന്നെ ആദ്യം രംഗത്തുവന്നു. അധികംവൈകാതെ ഒരുമനുഷ്യജീവൻ അതിൽ കുടുങ്ങിയെന്ന വാര്‍ത്ത വന്നതോടെ ആരോഗ്യമന്ത്രിയും കോട്ടയത്തെ പ്രമുഖനായ മന്ത്രി വി.എൻ. വാസവനും വെട്ടിലായി. അക്ഷരാര്‍ത്ഥത്തിൽ നമ്മുടെ പൊതുജന ആരോഗ്യരംഗം കെടുകാര്യസ്ഥതയിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ മന്ത്രി വീണാജോര്‍ജ്ജിന്റെ പിടിപ്പുകേട് പാര്‍ട്ടി അണികൾക്കിടയിൽ തന്നെ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഒരു സഭയുടെ താത്പര്യം സംരക്ഷിക്കാൻവേണ്ടി മാത്രം മുഖ്യന്റെ കാര്‍മ്മികത്വത്തിൽ കെട്ടിയിറക്കപ്പെട്ട വീണയെ ഇനിയും പാര്‍ട്ടി ചുമക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
കെ.കെ. ശൈലജയുടെ പിൻഗാമിയെന്ന് പേരെടുക്കാനും അവാര്‍ഡ് വാങ്ങി മേനി നടിക്കാനും നടന്ന മന്ത്രിയെക്കാരണം പാര്‍ട്ടിക്കാര്‍ക്ക് പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യമാണെന്ന് മന്ത്രിയുടെ ജില്ലക്കാരായ പത്തനംതിട്ടക്കാര് തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ ഡോ. ഹാരിസിനെതിരെ നടപടി എടുത്താൽ അത് സര്‍ക്കാരിന് വീണ്ടും കുരുക്കാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്‍ദ്ദേശം ലഭിച്ചതായി അറിയുന്നു. എന്നാൽ ആരെന്ത് പറഞ്ഞാലും പിഴവുകളൊക്കെ ഉദ്യോഗസ്ഥരുടെ മണ്ടയിൽകെട്ടിവെച്ച് തടിയൂരുന്നതാണ് ബുദ്ധിയെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് ശേഷവും സര്‍ക്കാര്‍ അംഗീകരിക്കാത്ത ഭരണവിരുദ്ധവികാരം കേരളത്തിലുടനീളം ശക്തിപ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
Photo Courtesy - Google











