06:13pm 10 November 2026
NEWS
വെള്ളാപ്പള്ളി ഫാക്ടര്‍ ഇഗ്നോര്‍ ചെയ്യാം
പാണക്കാട് ഫാക്ടര്‍ ആഡ്ഓൺ ചെയ്യാം
തന്ത്രങ്ങൾ പയറ്റാൻ സതീശൻ റെഡി !

30/07/2025  04:08 AM IST
News Bureau
സതീശൻ രണ്ടുംകൽപ്പിച്ച്
HIGHLIGHTS

ഭരണവിരുദ്ധവികാരവും ന്യൂനപക്ഷ പിന്തുണയും അനുകൂലഘടകമാണ്. ഇത്തരം കാര്യങ്ങൾക്ക് പുറമേ.... 

തിരുവനന്തപുരം : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടച്ചിൽ തുടരുമ്പോഴും 2026ലെ യു.ഡി.എഫിന്റെ സാദ്ധ്യത ഊട്ടിയുറപ്പിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രണ്ടുംകൽപ്പിച്ച് മുന്നോട്ട്. കഴിഞ്ഞദിവസം പാണക്കാട് തറവാട്ടിൽചെന്ന് തങ്ങളെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച സതീശൻ മുസ്ലീം വോട്ടുകൾ സ്പ്ലിറ്റ് ആകാതിരിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി എന്നാണ് ലഭ്യമാകുന്ന വിവരം. ഈഴവ വോട്ടുകളിൽ നല്ലൊരു ശതമാനവും ബി.ജെ.പിയിലേക്ക് മാറിക്കഴിഞ്ഞു. ഇത് തിരിച്ചടിയാകുന്നത് സി.പി.എമ്മിനാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഭരണവിരുദ്ധവികാരവും ന്യൂനപക്ഷ പിന്തുണയും അനുകൂലഘടകമാണ്. ഇത്തരം കാര്യങ്ങൾക്ക് പുറമേ നിലമ്പൂരിൽ ലഭിച്ച മിന്നുന്ന വിജയം സതീശന്റേയും സംഘത്തിന്റേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 
        വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് ഒരുഭാഗത്ത് ശക്തമാകുമ്പോഴും എൻ.എസ്.എസ്. ഇപ്പോഴും യു.ഡി.എഫുമായി സമരസപ്പെട്ടാണ് പോകുന്നത്. ക്രിസ്തീയ സഭകളെ ഒപ്പം കൂട്ടാനുള്ള ബി.ജെ.പി. ശ്രമവും ഫലംകാണുന്നില്ല. ഇതും യു.ഡി.എഫ്. ക്യാമ്പ് അനുകൂലമായി കാണുന്നു. അതേസമയം, സമുദായ നേതാക്കൻമാര്‍ പറയുന്നിടത്ത് സമുദായഅംഗങ്ങൾ വോട്ടുചെയ്യുന്നകാലം കഴിഞ്ഞു എന്നാണ് സതീശന്റെ പക്ഷം. സര്‍ക്കാര്‍വിരുദ്ധതരംഗം ശക്തമാണെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് മാത്രമാണ് ഒരു പ്രശ്നമായി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് അക്കാര്യമെല്ലാം തിരഞ്ഞെടുപ്പിന് ശേഷമാണ് എന്ന തരത്തിൽ മാറ്റിവെയ്ക്കുന്നത്. 
        കാര്യങ്ങൾ ഇങ്ങിനൊക്കെ മുന്നോട്ടുപോകുമ്പോഴും വെള്ളാപ്പള്ളിയെ കൂടുതൽ വെറുപ്പിക്കേണ്ടതില്ല എന്നും യു.ഡി.എഫ്. നേതൃത്വം കരുതുന്നു. അതുകൊണ്ടാണ് തന്നെ അഹങ്കാരിയെന്ന് വെള്ളാപ്പള്ളി വിളിച്ചിട്ടും കുറിക്കുകൊള്ളുന്ന മറുപടി പറയുന്ന പതിവുശൈലി സതീശൻ വിട്ടുപിടിച്ചത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ സാദ്ധ്യതകളും അദ്ദേഹം പരീക്ഷിക്കുന്നതായാണ് തലസ്ഥാനത്തുനിന്നും അറിയാൻ സാധിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img