10:45am 29 April 2026
NEWS
കേരളത്തിൽ താമര വിരിയിക്കാൻ
തരൂരിനെ ഇറക്കിയാൽ എന്താകും ?

12/06/2025  11:22 AM IST
അനീഷ് മോഹനചന്ദ്രന്‍
വല്ലാത്ത പരീക്ഷണം !
HIGHLIGHTS

തന്നെ പാര്‍ട്ടി പുറത്താക്കുന്നെങ്കിൽ ആക്കട്ടെ എന്നും അദ്ദേഹം കരുതുന്നതായാണ് അറിയുന്നത്. അങ്ങിനെങ്കിൽ പിന്നെ ശേഷിക്കുന്നത്... 

ന്യൂഡെൽഹി : തരൂരിനെ തള്ളാനും വയ്യ, കൊള്ളാനും വയ്യ. എന്നാൽ തരൂരൊട്ട് അടങ്ങി ഇരിക്കാനും തയ്യാറല്ല. തരൂരിനെ പുറത്താക്കിയാൽ അത് കോൺഗ്രസ്സിന്റെ രാജ്യവിരുദ്ധനിലപാടെന്ന ആരോപണം ബലപ്പിക്കും. എന്നാൽ ഉൾക്കൊണ്ടാൽ തരൂര്‍ രാഹുൽഗാന്ധിക്ക് മുകളിൽ നിന്നുകൊണ്ട് സ്ഥിരം തലവേദന സൃഷ്ടിക്കും. വല്ലാത്തൊരവസ്ഥയിലാണ് കോൺഗ്രസ്സ് നേതൃത്വവും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും. രാഷ്ട്രതാത്പര്യം മുൻനിര്‍ത്തി തരൂര്‍ നടത്തുന്ന പ്രസ്താവനകളും നീക്കുപോക്കുകളും കോൺഗ്രസ്സിനെ അക്ഷരാര്‍ത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽപോയ പ്രതിനിധിസംഘങ്ങളിൽ ഒന്നിനെ നയിച്ചത് തരൂരാണ്. മടങ്ങിവന്നശേഷം തരൂര്‍ അടിക്കടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ട്, ഇതിന് പിന്നിൽ രാഷ്ട്രീയ ഉപചാപങ്ങളുണ്ട് എന്ന് കോൺഗ്രസ്സ് ശക്തമായി സംശയിക്കുന്നു. 
       എന്നാൽ താൻ പാര്‍ട്ടിയിൽ നിന്നും സ്വയം പുറത്തുപോകില്ലെന്ന നിലപാടിലാണ് തരൂര്‍ എന്നറിയുന്നു. അതേസമയം തന്നെ പാര്‍ട്ടി പുറത്താക്കുന്നെങ്കിൽ ആക്കട്ടെ എന്നും അദ്ദേഹം കരുതുന്നതായാണ് അറിയുന്നത്. അങ്ങിനെങ്കിൽ പിന്നെ ശേഷിക്കുന്നത് അതെന്ന് സംഭവിക്കുമെന്ന ചോദ്യമാണ്. നാലുതവണ തിരുവനന്തപുരത്തിന്റെ എം.പി. ആയ തരൂര്‍ ബി.ജെ.പി. ടിക്കറ്റിൽ അവിടെനിന്നും മത്സരിച്ചാൽ ജയിക്കുമോ, തരൂരിനെ പാര്‍ട്ടിയിൽ ഉൾപ്പെടുത്തിയാൽ എവിടെ അക്കോമൊഡേറ്റ് ചെയ്യും എന്നിങ്ങനെയുള്ള ചോദ്യങ്ങളും ബി.ജെ.പി. ക്യാമ്പ് പരിശോധിക്കുന്നുണ്ട്. അതേസമയ‌ം, തരൂരിനെ 2026ൽ കേരളത്തില്‍ പരീക്ഷിച്ച് മൂന്നാംബദൽവാദം ശക്തമാക്കുന്നതിന്റെ സാദ്ധ്യതകളും ബി.ജെ.പി. ആലോചിക്കുന്നതായാണ് അറിയുന്നത്. തരൂരിനെപ്പോലൊരു നേതാവിനെ ദേശീയ, അന്തര്‍ദേശീയ തലത്തിൽ ഉപയോഗിക്കാനാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ആഗ്രഹമെന്നറിയുന്നു. എന്നാൽ കേരളത്തിൽ കൂടുതൽ താമരവിരിയിക്കാൻ തരൂര്‍ പരീക്ഷണം ആകാമെന്ന ഉപദേശമാണ് ആര്‍.എസ്.എസ്. ക്യാമ്പ് നൽകിയിരിക്കുന്നതത്രേ. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img