08:15am 20 April 2026
NEWS
കാത്തിരിപ്പിന് വിരാമം കുറിച്ച് അവനെത്തി
ഇനി ഇന്ത്യൻനിരത്തുകളിൽ ടെസ്ല പായും !

17/07/2025  07:43 AM IST
News Desk
മസ്കിന്റെ മായാജാലം
HIGHLIGHTS

എന്നാൽ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ടെസ്ല കൂടുതൽ കസ്റ്റമൈസ്ഡ് മോഡലുകൾ അവതരിപ്പിച്ചാൽ എകണോമിക്, പ്രീമിയം സെഗ്മെന്റുകളിൽ വിപ്ലവകരമായ പലമാറ്റങ്ങളും... 

മുംബൈ : ഒടുവിൽ ആഗോള കാര്‍ഭീമൻ ടെസ്ല ഇന്ത്യയിൽ വരവറിയിച്ചു. കഴിഞ്ഞ ദിവസം മുംബയിൽ ടെസ്ല തങ്ങളുടെ ആദ്യഷോറൂം ഉദ്ഘാടനം ചെയ്തു. ടെക് ഭീമൻമാരായ ടെസ്ലയുടെ ഇന്ത്യൻവരവ് ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായാണ് ടെസ്ല മോട്ടോഴ്സ് അറിയപ്പെടുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്കാണ് പ്രൊമോട്ടര്‍. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബി.കെ.സി.) ഷോറൂം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. റിയർ-വീൽ ഡ്രൈവ് ഓൺറോഡ് വില 61,07,190 രൂപ മുതലാണ്. ലോംഗ് റേഞ്ച് റിയർവീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു. 
       ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. 2025 ഫെബ്രുവരിയിൽ, ഇലോൺ മസ്‌ക് വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷോറൂം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ ടെസ്ലയുടെ വരവ്, ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവം സൃഷ്ടിക്കുന്ന ഇന്ത്യൻ കാര്‍ നിര്‍മ്മാതാക്കളായ റ്റാറ്റയ്ക്കും മഹീന്ദ്രയ്ക്കും തിരിച്ചടി ആകുമോ എന്നതും പരിഗണനാവിഷയമാണ്. ടെസ്ല ലക്ഷ്വറി സെഗ്മെന്റിലുള്ള പ്രീമിയം കാറുകളാണ് വിൽക്കുന്നത്. അതിനാൽ അത് ഇന്ത്യൻ കമ്പനികൾക്ക് ദോഷകരമാകില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ടെസ്ല കൂടുതൽ കസ്റ്റമൈസ്ഡ് മോഡലുകൾ അവതരിപ്പിച്ചാൽ എകണോമിക്, പ്രീമിയം സെഗ്മെന്റുകളിൽ വിപ്ലവകരമായ പലമാറ്റങ്ങളും വന്നുഭവിച്ചേക്കാം. മസ്കിന്റെ രീതി വെച്ചുനോക്കുമ്പോൾ അതിനുള്ള സാദ്ധ്യതതള്ളാനാകില്ലെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഏതായാലും ടെസ്ലയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് അവരുടെ ഭാവിപരിപാടികൾ ഉറ്റുനോക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img