12:22am 10 November 2026
NEWS
നമ്മുടെ തരൂര്‍ എങ്ങോട്ടും പോകില്ല ?
ആശ്വസിക്കാൻ വരട്ടെ, ഒരു കുരുക്കുണ്ട്...

20/05/2025  03:01 PM IST
News Bureau
വാക്കിനിടയിൽ...
HIGHLIGHTS

പാര്‍ട്ടിയിൽ നിന്നും പുറത്താക്കൽ നടപടി ചോദിച്ചുവാങ്ങാൻ ഇപ്പോൾ തന്നെ അദ്ദേഹം ചെയ്യുന്ന ചെയ്ത്തുകൾ തുടര്‍ന്നാൽ മതിയെന്നും... 

തിരുവനന്തപുരം : ഞാൻ ബി.ജെ.പിയിലേക്കില്ല. എന്റെ ലക്ഷ്യം രാഷ്ട്രസേവനമാണ്. അതിനുള്ള എല്ലാവഴികളും ഞാൻ സ്വീകരിക്കും. മറിച്ചുള്ള വാദങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണ് – തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയത് ഇങ്ങിനെയാണ്. ഇതോടെ തരൂര്‍ തലവേദന തത്കാലം ഒഴിഞ്ഞെന്ന് കോൺഗ്രസ് നേതാക്കൻമാര്‍ കരുതുന്നുണ്ടെങ്കിൽ അവര്‍ക്ക് തെറ്റി. 2012 ൽ ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എൽ.ഡി.എഫിൽ നിന്നും മറുകണ്ടം ചാടി യു.ഡി.എഫിലെത്തിയ ആര്‍. ശെൽവരാജ് പറഞ്ഞ ഡയലോഗാണ് പലരും ഇപ്പോൾ ഓര്‍ത്തെടുക്കുന്നത്. 
         അന്ന് ഇടതുപാളയത്തിൽ നിന്നും ചാടിയ സെൽവരാജിനോട് കോൺഗ്രസിൽ ചേരുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതിലുംഭേദം ആത്മഹത്യ ചെയ്തൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് തൊട്ടടുത്ത ദിവസം തന്നെ സെൽവരാജ് കോൺഗ്രസിൽ ചേര്‍ന്ന് യു.ഡി.എഫ്. ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എ. ആവുകയും ചെയ്തു. ഏതാണ്ട് അതേപാത തന്നെ തരൂരും പിന്തുടര്‍ന്നേയ്ക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നിലപാട് വ്യക്തമായി അവര്‍ വായിച്ചെടുക്കുന്നത് ഇങ്ങിനെയാണ്. താൻ ബി.ജെ.പിയിലേക്ക് പോകില്ല എന്നാണ് തരൂര്‍ പറഞ്ഞത്. അതിനര്‍ത്ഥം താനായിട്ട് പോകില്ല എന്നതാണ്. പാര്‍ട്ടി തന്നെ പുറത്താക്കിയാൽ, അന്നേരം താൻ ബി.ജെ.പിയിലേക്ക് പോയാൽ അങ്ങിനൊരു തീരുമാനം താനായിട്ട് എടുത്തതല്ല, കോൺഗ്രസ് തന്നെ കൊണ്ട് ചെയ്യിച്ചു എന്നവാദമാകും തരൂര്‍ ഉയര്‍ത്തുക. പിന്നെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കൽ നടപടി ചോദിച്ചുവാങ്ങാൻ ഇപ്പോൾ തന്നെ അദ്ദേഹം ചെയ്യുന്ന ചെയ്ത്തുകൾ തുടര്‍ന്നാൽ മതിയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതായാലും വരുംദിവസങ്ങളിൽ തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി തന്നെ മുന്നോട്ടുപോകും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രസേവനത്തിനുള്ള ഒരവസരവും താൻ പാഴാക്കില്ല എന്ന് തരൂര്‍ പറഞ്ഞതിൽ ചില വ്യക്തായ സൂചനകൾ ഒളിച്ചിരിപ്പുണ്ടെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img