പിള്ളാര് ഇപ്പോഴേ ട്രോളിത്തുടങ്ങി

പ്രതിപക്ഷകക്ഷികൾ ഒന്നുംതന്നെ സ്വകാര്യസര്‍വ്വകലാശാലകളുടെ കാര്യത്തിൽ കോഴ ആരോപണം ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കരട് ബിൽ സര്‍ക്കാര്‍ തയ്യാറാക്കി. ഇതിന് തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം അനുമതി നൽകുമെന്നാണ് അറിയുന്നത്. സ്വകാര്യൻമാര്ക്ക് യഥേഷ്ടം ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം നൽകുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിട്ടുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് വിദ്യാര്‍ത്ഥികൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. സ്വാശ്രയമേഖലയിലെ ഫീസ് കൊള്ളയ്ക്കെതിരെ സമരം പ്രഖ്യപാക്കുന്ന എസ്.എഫ്.ഐ. ഇവിടെ എന്ത് നിലപാട് കൈക്കൊള്ളും എന്നതാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്.എഫ്.ഐ. സമരത്തിന് ഇറങ്ങുമോ എന്ന ചോദ്യം ഇതിനോടകം തന്നെ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത്, സ്വകാര്യസര്‍വ്വകലാശാല അനുവദിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനായി കോവളത്ത് ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. അതിന്റെ പേരിൽ മുൻ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാര്‍ വഴിയിലിട്ട് തല്ലിയിരുന്നു. അതിൽ തെല്ലും കുറ്റബോധം പ്രകടിപ്പിക്കാത്ത എസ്.എഫ്.ഐക്കാര്‍ക്ക് ഇപ്പോൾ അണ്ണാക്കിൽ പിരിവെട്ടിയോ എന്ന പരിഹാസമാണ് കെ.എസ്.യുക്കാര്‍ ഉയര്‍ത്തുന്നത്. കേന്ദ്രനയം സ്വകാര്യസര്‍വ്വകലാശാലകൾക്ക് അനുകൂലമായതിനാൽ എ.ബി.വി.പി. ഇവിടെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയേക്കില്ല. എന്നാൽ ഫീസ് നിര്‍ണ്ണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയര്‍ത്തി സംസ്ഥാനസര്‍ക്കാരിനെതിരെ ആരോപണം കടുപ്പിക്കാൻ സാദ്ധ്യത ഏറെയാണ്.
സ്വകാര്യബ്രൂവറി അനുവദിക്കുന്നതിലും മറ്റും കോഴ ആരോപണവും അഴിമതിയും ഉന്നയിക്കുന്ന പ്രതിപക്ഷകക്ഷികൾ ഒന്നുംതന്നെ സര്‍വ്വകലാശാലകളുടെ കാര്യത്തിൽ കോഴ ആരോപണം ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാരണം കോൺഗ്രസും ബി.ജെ.പിയുമെല്ലാം തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ചിട്ടുള്ളവരാണ്. ഇതിൽ ചില വമ്പൻസ്രാവുകളുമുണ്ട്. അതിൽ ചിലര്‍ കേരളത്തിൽ കണ്ണുവെയ്ച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ആത്യന്തികമായി ഇത് കേരളത്തിലെ പൊതുരംഗത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Photo Courtesy - Google











