ഒപ്പം ഓപ്പറേഷൻ തരൂരും...

പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം പാര്‍ട്ടി നിലപാടാണ് പറയേണ്ടത് എന്ന് രാഹുൽഗാന്ധി നാട്ടിൽ പ്രസംഗിച്ചത് തരൂരിനെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തം. ഈ സാഹചര്യത്തിൽ...
ന്യൂഡെൽഹി : മറ്റുനിവര്‍ത്തിയൊന്നുമില്ലാതെയാണ് തിരുവനന്തപുരം എം.പി. ഡോ. ശശി തരൂരിനെ വിദേശപ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ (പഹൽഗാം വിഷയത്തിൽ രാജ്യനിലപാട് ലോകരാഷ്ട്രങ്ങളെ അറിയിക്കാനുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘം) കോൺഗ്രസ് ഹൈകമാന്റ് നിര്‍ബന്ധിതമായത്. രാഷ്ട്രതാത്പര്യത്തിന് വിരുദ്ധമായി നിൽക്കുന്നു എന്ന ചീത്തപ്പേര് മാറ്റിയെടുക്കുക എന്നതായിരുന്നു അവരുടെ പ്രധാനലക്ഷ്യം. അങ്ങിനെ അമേരിക്കയ്ക്ക് പുറപ്പെട്ട തരൂരാകട്ടെ പോകുന്നിടത്തെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകൾ ആവര്‍ത്തിക്കുന്നു. എല്ലാം രാഷ്ട്രതാത്പര്യം മുൻനിര്‍ത്തിയെന്നാണ് വ്യാഖാനമെങ്കിലും ഒളിഞ്ഞുതെളിഞ്ഞും തരൂര്‍ രാഹുൽ ഗാന്ധിക്കിട്ട് കൊട്ടുകയാണ്. ഒപ്പം ബി.ജെ.പി. നയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന തരൂര്‍ പരോക്ഷമായി കോൺഗ്രസ് നയങ്ങളെ തള്ളുകയും ചെയ്യുന്നു.
ഉദാഹരണമായി, മതം ചോദിച്ചാണ് പഹൽഗാം ഭീകരാക്രമണം നടന്നതെന്ന അദ്ദേഹത്തിന്റെ യു.എസ്. പ്രസംഗം. മാത്രമല്ല പഹൽഗാംവിഷയത്തിൽ അമേരിക്കയുടെ മദ്ധ്യസ്ഥത ഉണ്ടായിട്ടില്ല എന്നും തരൂര്‍ അമേരിക്കയിൽവെച്ച് ആവര്‍ത്തിച്ചു. ഇതും കോൺഗ്രസ് നിലപാടിന് വിരുദ്ധമാണ്. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം പാര്‍ട്ടി നിലപാടാണ് പറയേണ്ടത് എന്ന് രാഹുൽഗാന്ധി നാട്ടിൽ പ്രസംഗിച്ചത് തരൂരിനെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തം. ഈ സാഹചര്യത്തിൽ, വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന തരൂരിനെ എങ്ങിനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുക എന്നതാണ് ഇവിടെ പ്രധാനചോദ്യം. അതേസമയം, പാര്‍ട്ടിയിൽ പുകഞ്ഞകൊള്ളിയായി മാറിയ തരൂരിന് ഒരു താമര നൽകി സ്വീകരിക്കാനുള്ള ആലോചനകളും ബി.ജെ.പി. ക്യാമ്പിൽ സജീമായിട്ടുണ്ട്. നേരത്തെ പലവുരി തനിക്ക് മുന്നിലെത്തിയിട്ടുള്ള ഓഫര്‍ തിരസ്കരിച്ച ചരിത്രമാണ് തരൂരിനുള്ളത്. എന്നാൽ മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങളിൽ തരൂര്‍ താമര ഏറ്റുവാങ്ങുമോ അതോ ഉചിതമായ സമയത്തിനായി വീണ്ടും കാത്തിരിക്കുമോ എന്നതാണ് ഇന്ദ്രപ്രസ്ഥം ഉറ്റുനോക്കുന്നത്.
Photo Courtesy - Google











