12:41am 08 November 2026
NEWS
വിഴിഞ്ഞം റിംഗ്റോഡ് പദ്ധതി :
ആദ്യം റോഡ് നിര്‍മ്മിക്കൂ ...
എന്നിട്ട് പോരേ തീവണ്ടി ?

20/03/2025  11:42 AM IST
News Desk
കഷ്ടം തന്നെ !
HIGHLIGHTS

റോഡിനായി തുടങ്ങിയ നടപടി എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് റെയിൽവേ ലൈനിനായി സര്‍ക്കാര്‍ ഇറങ്ങിത്തിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ തത്പരകക്ഷികൾക്ക് കമ്മീഷനടി മാത്രമാണ് ലക്ഷ്യമെന്നും... 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് റെയിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ 1482 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന റെയിൽവേലൈൻ പദ്ധതിരേഖയ്ക്ക് (ഡി.പി.ആര്‍) മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞദിവസമാണ്. കൊങ്കൺ റെയിൽവേ കോര്‍പറേഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പദ്ധതി എത്രയും വേഗം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം അടുത്തകൊല്ലം കമ്മീഷൻ ചെയ്യാൻ ഒരുങ്ങുമ്പോൾ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി അനിവാര്യമാണ്. വിഴിഞ്ഞത്തുനിന്നും ബാലരാമപുരം റെയിൽവേസ്റ്റേഷൻ വരെയുള്ള അഞ്ച് കിലോമീറ്റര്‍ നീളുന്ന പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. 
           അതേസമയം, വിഴിഞ്ഞത്തെ റോഡ് കണക്ടിവിറ്റിക്കായി (വിഴിഞ്ഞം–നാവായിക്കുളം റിംഗ് റോഡ്) രണ്ടുകൊല്ലം മുമ്പ് ഭൂമി വിട്ടുനൽകിയവര്‍ ഇപ്പോഴും പെരുവഴിയാധാരമാണ്. 1000ഓളം കുടുംബങ്ങളുടെ ഭൂമി ഇതിനായി ഏറ്റെടുക്കുന്നുണ്ട്. ഇവരുടെ കൈവശമുള്ള ഭൂരേഖകളും മറ്റും കൈപ്പറ്റിയ സര്‍ക്കാര്‍ ഇതുവരെ പാരിസ്ഥിതിക അനുമതി (ഒന്നാം റീച്ച്) പോലും ലഭ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പദ്ധതി അനന്തമായി നീളുന്നതിനെതിരെ ജനരോക്ഷം ശക്തമാണ്. വസ്തുവിട്ടുനൽകിയവര്‍ക്ക് ഇപ്പോൾ പണവുമില്ല വസ്തുവുമില്ല എന്ന അവസ്ഥയാണ്. ഇതിനിടെ ചിലര്‍ ആരോഗ്യപ്രശ്നങ്ങളാൽ മരണപ്പെടുകയും ചെയ്തു. കടക്കെണിയിൽപ്പെട്ട ചിലര്‍ ആത്മഹത്യ ചെയ്തു. സമരസമിതിക്കാര്‍ സര്‍ക്കാരിന് നിവേദനവും മറ്റും സമര്‍പ്പിക്കുകയും സമരം സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒന്നും ഫലം കണ്ടിട്ടില്ല. 
            വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണമായി സജ്ജമാക്കണമെങ്കിൽ ഇവിടെത്തുന്ന കണ്ടൈനറുകൾ നീക്കാൻ വഴിയൊരുക്കണം. അതിന് റോഡ്, റെയിൽ കണക്ടിവിറ്റി അനിവാര്യമാണ്. റോഡിനായി തുടങ്ങിയ നടപടി എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് റെയിൽവേ ലൈനിനായി സര്‍ക്കാര്‍ ഇറങ്ങിത്തിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ തത്പരകക്ഷികൾക്ക് കമ്മീഷനടി മാത്രമാണ് ലക്ഷ്യമെന്നും ആരോപണമുണ്ട്. സ്ഥിതിഗതികൾ ഇങ്ങിനെ സങ്കീര്‍ണ്ണമായി തുടരുമ്പോഴും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകൾ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ സര്‍ക്കാര്‍ ഓഫീസുകൾ കയറ്റിയിറക്കുകയാണ്. 2024 ഡിസംബറിനുള്ളിൽ എല്ലാവര്‍ക്കം പണം നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പിന്നീട് അത് ജനുവരി 30 ആയും ഫെബ്രുവരി രണ്ടാംവാരമായും മാറ്റി പ്രഖ്യാപിച്ചു. ഇപ്പോൾ ഏറ്റവും ഒടുവിൽ മാര്‍ച്ച് 31 നകം കുറച്ചുപേര്‍ക്കെങ്കിലും പണം നൽകും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിനായി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അപ്പോഴും പദ്ധതിയുടെ പാരിസ്ഥിതിക അനുമതിപോലും എങ്ങുമെത്തിയിട്ടില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img