സി.പി.എമ്മിനുള്ളിൽ രണ്ടഭിപ്രായം ശക്തം

കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി. ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിനെ തന്നെ തിരിഞ്ഞുകുത്തുകയാണിപ്പോൾ...
കണ്ണൂര്‍ : എം.വി. രാഘവനോട് ‘ക്ഷമിച്ച’ പാര്‍ട്ടിക്ക് രാഘവനെ രക്ഷിക്കാൻ ശ്രമിച്ച ഓഫീസറോട് എന്തിന് പക? സി.പി.എം. മുതിര്‍ന്ന നേതാവ് പി. ജയരാജനോടാണ് ചോദ്യം. ഉന്നയിക്കുന്നത് കണ്ണൂരിലെ സൈബര്‍സഖാക്കൻമാര്‍ തന്നെ. സി.പി.എം നെഞ്ചിലെ കനലായി കാണുന്ന വൈകാരികസംഭവമാണ് 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പ്. അന്നത്തെ മന്ത്രി എം.വി. രാഘവനെ പ്രതിരോധിക്കാൻ ചെന്ന അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് സി.പി.എം. നയവഞ്ചകനായി കണ്ട് ശക്തിയുക്തം എതിര്‍ത്ത എം.വി. രാഘവൻ അവസാനകാലത്ത് അവരുടെ ധീരസഖാവായി മാറിയത് ചരിത്രം. അതേസഖാവിന്റെ മകൻ എം.വി. നികേഷ് കുമാര്‍ ഇന്ന് മാധ്യമപ്രവര്‍ത്തനം പോലും മതിയാക്കി പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നു. അപ്പോൾപ്പിന്നെ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തന്റെ കര്‍ത്തവ്യം നടപ്പാക്കിയ ഉദ്യോഗസ്ഥനെതിരെ ഇപ്പോൾ കുത്തിത്തിരിപ്പുണ്ടാക്കുന്നത് എന്തിന് എന്നതാണ് ചോദ്യം.
കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി. ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിനെ തന്നെ തിരിഞ്ഞുകുത്തുകയാണിപ്പോൾ. പൊലീസ് മേധാവി ആകാൻ യോഗ്യരായവരുടെ മൂന്നംഗപട്ടിക യു.പി.എസ്.സി. കൈമാറിയപ്പോൾ അതിൽ രണ്ടാമൻ റവാഡ ആയിരുന്നു. മറ്റുരണ്ടുപേരും (നിതിൻ അഗര്‍വാൾ, യോഗേഷ് ഗുപ്ത) സര്‍ക്കാരിന് അനഭിമതരാണ്. റവാഡയെ കൂടി ഒഴിവാക്കി നാലാമതൊരാളെ പുറത്തുനിന്നും കൊണ്ടുവരാൻ നടത്തിയ നീക്കം നിയമക്കുരുക്കൾ ഭയന്ന് സര്‍ക്കാര്‍ പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അങ്ങിനെയാണ് റവാഡ പൊലീസ് മേധാവി ആകുന്നത്. ഇതോടെ സര്‍ക്കാരിനെ വെട്ടിലാക്കി കണ്ണൂരിലെ സഖാക്കൻമാര്‍ തന്നെ രംഗത്തുവന്നു. എന്നാൽ ഇതിൽ തന്നെ വിരുദ്ധഅഭിപ്രായവുമായി ഒരുവിഭാഗം നിലകൊള്ളുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
Photo Courtesy - Google











