ആര്‍.എസ്.എസ്. വേദിയിൽ വി.സിമാര്‍ !

മന്ത്രി അനുവദിച്ചില്ലെങ്കിലും ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വി.സിമാര്‍ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ വിഷയം...
തിരുവനന്തപുരം : ഗവര്‍ണര്‍ ക്ഷണിച്ചാൽ വൈസ് ചാൻസിലര്‍മാര്‍ക്ക് പോകാതിരിക്കാൻ സാധിക്കില്ല. കാരണം അദ്ദേഹമാണ് സര്‍വ്വകലാശാലകളുടെ ചാൻസിലര്‍. ഈ സാഹചര്യം ഉൾക്കൊണ്ടുതന്നെയാണ്, കഴിഞ്ഞദിവസം കൊച്ചിയിൽ ആര്‍.എസ്.എസ്. ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കേരളത്തിൽ നിന്നുള്ള നാല് വി.സിമാര്‍ പങ്കെടുത്തത്. ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹൻ ഭാഗവത് ആയിരുന്നു ജ്ഞാനസഭ എന്ന പേരിട്ട പരിപാടിയുടെ ഉത്ഘാടകൻ. വി.സിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചതാകട്ടെ രാജ്ഭവൻ നേരിട്ടും.
വി.സിമാര്‍ ഒരിക്കലും ആര്‍.എസ്.എസ്. പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലെന്ന് സി.പി.എമ്മും സര്‍ക്കാര്‍ വൃത്തങ്ങളും പുറമേ പറയുന്നുണ്ടെങ്കിലും അത് പുറംമൂച്ച് മാത്രമാണ്. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വി.സിമാര്‍ക്ക് മൗനാനുവാദം നൽകിയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. മന്ത്രി അനുവദിച്ചില്ലെങ്കിലും ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വി.സിമാര്‍ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ വിഷയം കൂടുതൽ വിവാദങ്ങൾക്ക് വഴിവെയ്ക്കുമായിരുന്നു. അതൊഴിവാക്കാനായിരുന്നു മന്ത്രിയുടെ തന്ത്രപരമായ നീക്കം. പാര്‍ട്ടി ഒത്താശയോടെ തന്നെ വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. എന്നാൽ പുറമേ പ്രസ്താവനകൾ നടത്തുമ്പോൾ എല്ലാംവിരുദ്ധാഭിപ്രായമാണ് ഏവരും പങ്കുവെയ്ക്കുന്നതെന്ന് മാത്രം. അതേസമയം, വി.സിമാര്‍ക്ക് ശമ്പളം നൽകുന്നത് നാഗ്പൂരിൽ നിന്നല്ല എന്നായിരുന്നു കെ.എസ്.യുവിന്റെ വിമര്‍ശം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗവര്‍ണറുമായുള്ള ഉരസൽ പരമാവധി ഒഴിവാക്കേണ്ടതുണ്ട്. അതിനായുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമെന്നാണ് ലഭ്യമാകുന്ന വിവരം.
Photo Courtesy - Google











