കഥ, തിരക്കഥ, സംഭാഷണം അൻവര്‍

ഏതായാലും അൻവറിന്റെ കാര്യത്തിൽ 2026ൽ സുരക്ഷിതമായ സീറ്റുൾപ്പെടെ പലതും ഏറെക്കുറേ ഉറപ്പാണ്. എന്നിരുന്നാലും ഹൈക്കമാന്റിന്റെ അന്തിമഅനുമതി ഇപ്പോഴേ നേടിയെടുക്കേണ്ടതുണ്ട്...
തിരുവനന്തപുരം : എൽ.ഡി.എഫ്. ബാന്ധവം വെറുതേയങ്ങ് വിട്ടിട്ട് വന്നതല്ല. സാക്ഷാൽ കാരണഭൂതന്റെ നെഞ്ചത്തിട്ട് കൊട്ടിയിട്ടാണ് അവിടം വിട്ടത്. അതുകൊണ്ട് ഇവിടെ ശക്തമായ സ്ഥാനമാനങ്ങൾ ലഭിച്ചേ മതിയാകൂ. അതിൽ നിലമ്പൂര്‍ സീറ്റ് നടക്കില്ല. പക്ഷേ, യു.ഡി.എഫ്. പ്രവേശം ഇനിയും വെച്ചുവൈകിക്കാൻ പാടില്ല. അടുത്ത നിയമസഭതിരഞ്ഞെടുപ്പിൽ താൻ ആവശ്യപ്പെടുന്ന മണ്ഡലം. മുന്നണിയും താനും ജയിക്കുന്നപക്ഷം മന്ത്രിസ്ഥാനം. മണ്ഡലമിപ്പോൾ ലീഗിന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചിട്ടാണേലും അങ്ങിനെ. തന്റൊപ്പം നിൽക്കുന്ന നേതാക്കൻമാര്‍ക്ക് ബോര്‍ഡ്-കോര്‍പറേഷൻ സ്ഥാനങ്ങൾ, സാധിക്കുമെങ്കിൽ പി.എസ്.സി. അംഗത്വം ഉൾപ്പെടെ പലതും. അൻവറിന്റെ ഡിമാന്റുകൾ ഇങ്ങിനെ നീളുന്നുണ്ടെങ്കിലും പലതും നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഡിമാന്റുകൾ നേടിയെടുക്കാൻ എറ്റവും നല്ലത് തിരഞ്ഞെടുപ്പ് സമയമാണ്. മുൻ നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവര്‍ ഇപ്പോൾ ചെയ്യുന്നത് അതുതന്നെയാണ്.
അൻവറിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരിലെ കാര്യങ്ങളെല്ലാം നേരത്തേ തീരുമാനിച്ച് ധാരണയിൽ എത്തിയതാണ്. എന്നിട്ടും ഇപ്പോൾ പുതിയ വെടി പൊട്ടിക്കുന്നുണ്ട് എങ്കിൽ അതിന് പിന്നിൽ ശക്തമായ താത്പര്യങ്ങളും ഗൂഢോദ്ദേശ്യങ്ങളുമുണ്ട്. യു.ഡി.എഫ്. പ്രവേശത്തിന് ഹൈക്കമാന്റിന്റെ പച്ചക്കൊടി ലഭിക്കുക എന്നതാണ് അതിൽപ്രധാനം. അത് തൃണമൂൽകോൺഗ്രസ്സ് വഴി തന്നെ സാധിക്കുമെങ്കിൽ അത്രയും നന്ന്. എന്നാൽ ദേശീയതലത്തിൽ ഇന്തി മുന്നണിയുടെ ഭാഗമാണെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാബാനര്‍ജി രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരോട് ഇടഞ്ഞാണ് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിൽ ഒരു പുതിയബാന്ധവം ഹൈക്കമാന്റ് താത്പര്യപ്പെടുന്നില്ല. ഇതാണ് അൻവറിന് മുന്നിൽ പ്രതിസന്ധിയായി നിൽക്കുന്നത്. ഒരിക്കൽ ഡി.എം.കെയിൽ ചേര്‍ന്നിട്ട് അവിടെ നിന്നും ചാടിയാണ് അൻവര്‍ തൃണമൂലിൽ എത്തിയത്. ഇനി ഇവിടെ നിന്നും ചാടിപ്പോകുന്നത് രാഷ്ട്രീയമായി ക്ഷീണമാണ്. അതുകൊണ്ടാണ് അൻവര്‍ തന്റെ യു.ഡി.എഫ്. പ്രവേശം ഉറപ്പാക്കാൻ ഇപ്പോഴത്തെ വിമതനാടകം തുടരുന്നത്.
ഏതായാലും അൻവറിന്റെ കാര്യത്തിൽ 2026ൽ സുരക്ഷിതമായ സീറ്റുൾപ്പെടെ പലതും ഏറെക്കുറേ ഉറപ്പാണ്. എന്നിരുന്നാലും ഹൈക്കമാന്റിന്റെ അന്തിമഅനുമതി ഇപ്പോഴേ നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. ഇതിന് കോൺഗ്രസ്സിലെ തന്നെ ചില പ്രമുഖരുടെ ഒത്താശയും പിൻവാതിൽ കളികളും ഉണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, അൻവറിന്റെ പിടിവാശിക്ക് മുന്നിൽ ഇപ്പോൾ വഴങ്ങരുത് എന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവരുടെ വാദം ഹൈക്കമാന്റ് മുഖവിലയ്ക്കെടുത്താൽ ഒരുപക്ഷേ അൻവര്‍ വിമതനായി മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
Photo Courtesy - Google











