തള്ളിമറിക്കാൻ അൻവര്‍ മാത്രം !
നിലമ്പൂര്‍ അങ്കത്തിന്റെ ശേഷിപ്പ് ?

ആര്യാടന് കഥ എഴുതാൻ പോകാമെന്നും സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് മടങ്ങിച്ചെല്ലാമെന്നും അദ്ദേഹം പരിഹസിച്ചു ...
മലപ്പുറം : അങ്ങിനെ ഒരു അങ്കംകൂടി അവസാനിച്ചു. ഇനി നിലമ്പൂരിലെ ജനവിധി അറിയാനുള്ള കാത്തിരിപ്പാണ്. അതുതുടരുമ്പോഴും ആരും അമിതആത്മവിശ്വാസം പ്രകടിപ്പിക്കാനോ തള്ളിമറിക്കാനോ മുതിരുന്നില്ല. യു.ഡി.എഫ്. വോട്ടുകളൊന്നും ചോര്‍ന്നിട്ടില്ലെന്നും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നല്ലപോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഗുണകരമാകുമെന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എന്നാൽ പോളിംഗ് ശതമാനംവെച്ച് ജയപ്രതീക്ഷയും ഭൂരിപക്ഷവും പ്രവചിക്കുന്നത് തന്റെ രീതിയല്ലെന്നായിരുന്നു ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ പ്രതികരണം. ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ജയപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൻവര്‍ ഫാക്ടര്‍ തങ്ങളുടെ വോട്ടിനെ ബാധിക്കില്ല എന്നുതന്നെയാണ് ഇരുമുന്നണികളും കരുതുന്നത്. എന്നാൽ എല്ലാവരേയും കടത്തിവെട്ടി പി.വി. അൻവര്‍ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. തനിക്ക് 75,000 വോട്ട് ലഭിക്കും എന്നതാണ് അൻവറിന്റെ ആദ്യ അവകാശവാദം. റിസൾട്ട് വരുമ്പോൾ ആര്യാടന് കഥ എഴുതാൻ പോകാമെന്നും സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് മടങ്ങിച്ചെല്ലാമെന്നും അദ്ദേഹം പരിഹസിച്ചു. ജയത്തിൽകുറഞ്ഞൊന്നും തനിക്ക് പ്രതീക്ഷിക്കാനില്ലെന്ന് അൻവര്‍ അസന്നിഗ്ദ്ധമായി വ്യക്തമാക്കി. എന്നാൽ അൻവര്‍ നടത്തുന്നത് വെറും തള്ളൽപ്രഹസനം മാത്രമാണെന്നാണ് മറ്റുമുന്നണികൾ കരുതുന്നത്. എൻ.ഡി.എ. ക്യാമ്പിന് ജയപ്രതീക്ഷ ലവലേശം ഇല്ലെങ്കിലും വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ച് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏതായാലും തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെ എല്ലാവരും ടെൻഷനിൽ തന്നെയാണ് എന്ന് സാരം.
Photo Courtesy - Google











