കോളടിക്കുന്നത് ‘കള്ളൻ’മാര്‍ക്ക്

പല കേസുകളിലും തൊണ്ടിമുതൽ വാഹനങ്ങൾ നിര്‍ണ്ണായകമാണ്. പലതിലും കാലങ്ങൾക്കുശേഷം ശാസ്ത്രീയപരിശോധന ഉൾപ്പെടെ...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കിടക്കുന്ന തൊണ്ടിവാഹനങ്ങൾ പൊലീസിലേക്ക് കണ്ടുകെട്ടണമെന്ന വിചിത്ര ഉത്തരവ് വിവാദമാകുന്നു. മുൻ സംസ്ഥാനപൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അവസാനകാലത്ത് ഇറക്കിയ ഉത്തരവ് പുതിയ മേധാവി റവാഡ ചന്ദ്രശേഖര്‍ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിയമക്കുരുക്കുകൾ ധാരാളമുള്ളതിനാൽ എങ്ങിനെ നടപ്പാക്കുമെന്നതാണ് അധികൃതരെ കുഴപ്പിക്കുന്ന ചോദ്യം. വിവിധ കേസുകളിൽ പിടികൂടിയ പല വാഹനങ്ങളും തിരികെ എടുക്കാൻ ആളില്ലാതെ വരുന്നതോടെ അവ കാലഹരണപ്പെട്ടുപോവുകയാണ്. നിലവിൽ ഇത്തരം വാഹനങ്ങൾ കോടതി നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ക്രാപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തി ലേലം ചെയ്ത് വിൽക്കുന്നതാണ് പതിവ്. എന്നാൽ ഇതിന് പകരം അവ സേനയ്ക്ക് മുതൽക്കൂട്ടാകുന്നതരത്തില് വകയിരുത്താനാണ് പുതിയ നീക്കം.
എന്നാൽ പ്രസ്തുത നടപടി കോടതി നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല കേസുകളിലും തൊണ്ടിമുതൽ വാഹനങ്ങൾ നിര്‍ണ്ണായകമാണ്. പലതിലും കാലങ്ങൾക്കുശേഷം ശാസ്ത്രീയപരിശോധന ഉൾപ്പെടെ പിന്നീട് വേണ്ടിവന്നേയ്ക്കാം. അപ്പോഴേക്കും പഴയ വാഹനം പൊലീസിൽ വകയിരുത്തിയാൽ കേസുകളിൽ തെളിവുതന്നെ ഇല്ലാത്തസാഹചര്യം വന്നേയ്ക്കാം. ഇത് കേസുകളിൽ പൊലീസിന് തന്നെ തിരിച്ചടിയാകും എന്നതാണ് പ്രധാന ദോഷം. അതേസമയം, ചില കേസുകളിൽ തെളിവുനശിപ്പിക്കുന്നതിന് വേണ്ടി പ്രതികൾക്ക് പൊലീസുമായി ചേര്‍ന്ന് ഒത്തുകളിച്ചാൽ കേസ് തന്നെ അട്ടിമറിക്കാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ഇതിന് പിന്നിൽ വ്യാപകമായ അഴിമതിക്കുള്ള സാദ്ധ്യതയും കാണുന്നുണ്ട്. പ്രസ്തുത നീക്കത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുകയോ കോടതി സ്വമേധയാകേസെടുക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
Photo Courtesy - Google











