അപ്പോഴേക്കും ദേ ‘ആറ്റം’ ബോംബ് !

ആണവറിയാക്ടറുകൾക്കെതിരെ ജനരോക്ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവിടെ ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാൽ അത് പാര്‍ട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്
തിരുവനന്തപുരം : കൂടംകുളം ആണവ റിയാക്ടറിനെതിരെ നടത്തിയ ഐതിഹാസിക സമരമുഖം ഓര്‍ക്കുന്നുണ്ടോ ? അന്നത് തമിഴ്നാട്ടിലായിരുന്നു. ഇന്നിനി കേരളത്തിൽ എന്തുചെയ്യും ? കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ ഉയരുന്ന സജീവചോദ്യം ഇതാണ്. ബ്രൂവറി വിഷയത്തിൽ സര്‍ക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന സി.പി.ഐ. ആണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. സ്ഥിതിഗതികൾ ഇങ്ങിനെ തുടരുകയാണെങ്കിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രനയത്തിന് അനുസൃതമായി ഊര്‍ജ്ജോത്പാദനത്തിനായി ആണവറിയാക്ടറുകൾ തുടങ്ങേണ്ടിവരും. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രഖ്യാപിത നിലപാട് ആണവ ഊര്‍ജ്ജത്തിനെതിരാണ്. കേരളത്തിൽ കാസര്‍കോട് ചീമേനിയിലും തൃശൂര്‍ അതിരപ്പള്ളിയുമാണ് ആണവറിയാക്ടറുകൾക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ. രണ്ടിടങ്ങളിലും സി.പി.ഐക്ക് സാമാന്യം തരക്കേടില്ലാത്ത വേരോട്ടമുണ്ട്.
ഇവിടെ കേന്ദ്രനയത്തിനൊപ്പം നിന്നില്ലെങ്കിൽ വൈദ്യതിപ്രതിസന്ധി അതിരൂക്ഷമായി മാറും. ഇനി അവര്‍ക്കൊപ്പം കൂടിയാൽ സംസ്ഥാനത്ത് ജനങ്ങളുടെ എതിര്‍പ്പ് അതിശക്തമായി നേരിടേണ്ടിവരും. ആണവറിയാക്ടറുകൾക്കെതിരെ ജനരോക്ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവിടെ ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാൽ അത് പാര്‍ട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇവിടെ കൈവിട്ട കളിയാണ്. കേരളത്തിൽ എങ്ങിനെങ്കിലും ക്ലച്ച് പിടിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ആണവറിയാക്ടര്‍ ഒരു പാരയായി മാറാനാണ് സാദ്ധ്യത. അതേസമയം, സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അനിയന്ത്രിതമായ വൈദ്യുതിബിൽ വര്‍ദ്ധനവും തടയാൻ ഇതല്ലാതെ മറ്റുവഴിയൊന്നുമില്ല എന്ന നിലയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
കേരളത്തിന് പുറത്ത് ആണവറിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാമെന്നും അതിനായി ഇവിടെ നിന്നും യുറേനിയം ലഭ്യമാക്കാമെന്നുമുള്ള ഫോര്‍മുല സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണ്. ഫലത്തിൽ പ്രശ്നങ്ങളെല്ലാം കേന്ദ്രത്തിന് മുകളിൽ ചുമത്തി താത്കാലിക തടിതപ്പൽ നടത്താനാകും ബി.ജെ.പി. ഒഴികെയുള്ള കക്ഷികളുടെ നീക്കം. എന്നാൽ വിദൂരഭാവിയിൽ ഇത് തിരിച്ചടികൾക്ക് വഴിമരുന്നിടും എന്നാണ് ലഭ്യമാകുന്ന വിവരം.
Photo Courtesy - Google











