05:49pm 10 November 2026
NEWS
മഴക്കാലം ചൂടാക്കാൻ തിരഞ്ഞെടുപ്പ്
ആദ്യവെടി ഇന്ന് യു.ഡി.എഫ്. പൊട്ടിക്കും

26/05/2025  05:21 AM IST
അനീഷ് മോഹനചന്ദ്രന്‍
നിലമ്പൂര്‍ അങ്കം !
HIGHLIGHTS

എന്തുവിലകൊടുത്തും അൻവറിന്റെ പ്രഭാവം തകര്‍ക്കുക എന്നതാണ് എൽ.ഡി.എഫ്. അജണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോയ അൻവറിന് നിലമ്പൂരിൽ... 

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ. യു.ഡി.എഫിന്റെ കാര്യത്തിൽ ഇന്ന് രണ്ടിലൊന്ന് അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. അട്ടിമറി നീക്കങ്ങളൊന്നും നടന്നില്ലെങ്കിൽ ആര്യാടൻ ഷൗക്കത്ത് തന്നെയാകും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുൻ എം.എൽ.എ. പി.വി. അൻവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ചില ഉപാധികളോടെ അദ്ദേഹം വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്ന് അറിയുന്നു. എൽ.ഡി.എഫ്. ബാന്ധവം വിട്ടുപുറത്തുവന്ന് സ്വതന്ത്രനായി നിൽക്കുന്ന അൻവര്‍ അധികം വൈകാതെ യു.ഡി.എഫിന്റെ ഭാഗമാകും. അതിനായുള്ള ചര്‍ച്ചകൾ ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അൻവറിന്റെ താത്പര്യത്തിന് പ്രാമുഖ്യം ഏറെയാണെന്ന് യു.ഡി.എഫ്. ക്യാമ്പ് വിലയിരുത്തുന്നു. മണ്ഡലത്തിൽ അൻവറിനുള്ള സ്വാധീനവും അവര്‍ നിസ്സാരമായി കാണുന്നില്ല. 
          അതേസമയം, ഇടതുപാളയത്തിലും ചര്‍ച്ചകൾ സജീവമായിട്ടുണ്ട്. പക്ഷേ, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനുശേഷം മാത്രമേ അവിടെ ചര്‍ച്ചകൾ ഗൗരവത്തിലേക്ക് കടക്കൂ. എന്തുവിലകൊടുത്തും അൻവറിന്റെ പ്രഭാവം തകര്‍ക്കുക എന്നതാണ് എൽ.ഡി.എഫ്. അജണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോയ അൻവറിന് നിലമ്പൂരിൽ കൊയ്യാനാകുന്ന നേട്ടത്തിന്റെ ഗ്ലാമര്‍ കുറയ്ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മുസ്ലീം ലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമായതിനാൽ അവര്‍ അവിടെ ജയം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും മെച്ചപ്പെട്ട പോരാട്ടം കാഴ്ചവെക്കാനാണ് നീക്കം. അതേസമയം, ബി.ജെ.പി. കളത്തിലേ വരുന്നില്ല. അവര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതുപോലും വ്യക്തമല്ല. 
         പൊതുതിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രംശേഷിക്കേ ജനങ്ങൾക്കുമേൽ ഒരു ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നാണ് ബി.ജെ.പിയുടെ പക്ഷം. ഇക്കാര്യം സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് ആറുമാസത്തിലധികം കാലാവധി വേണ്ടിവരും എന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാകില്ല എന്നതാണ് വസ്തുത. ഏതായാലും വരുംദിവസങ്ങളിൽ നിലമ്പൂരിലെ ചിത്രം കൂടുതൽ വ്യക്തമാകും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img