11:36pm 09 November 2026
NEWS
ഇക്കുറി നിലമ്പൂരിൽ പാലക്കാടൻ
ട്രിക്ക് പരീക്ഷിക്കാൻ ടീം പിണറായി ?

19/04/2025  06:43 AM IST
News Desk
കുളം കലങ്ങട്ടെ ...
HIGHLIGHTS

പിണറായി വിജയൻ നേരിട്ട് ചില ഇടപെടലുകൾ നടത്തുന്നതായും സൂചനയുണ്ട്. ഇക്കുറി നിലമ്പൂര്‍ കൈവിട്ടാൽ ഇടതുകക്ഷിനിലയിൽ ഒരു സീറ്റ് കുറവ് രേഖപ്പെടുത്തും. മാത്രമല്ല അൻവറുണ്ടാക്കിയ ഡാമേജ് പൊതുജനസമക്ഷം... 

തിരുവനന്തപുരം : നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വന്നേയ്ക്കാം. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകളുമായി യു.ഡി.എഫ്. ക്യാമ്പ് സജീവമായി മുന്നോട്ടുപോകുമ്പോഴും ഇടതുപാളയത്തിൽ ചര്‍ച്ചയുടെ പൊടിപോലും കണ്ടെടുക്കാനില്ല എന്ന അവസ്ഥയാണ്. പാലക്കാട് പയറ്റിയ പൂഴിക്കടകൻ തന്നെയാണ് ഇക്കുറി നിലമ്പൂരിൽ സി.പി.എം. പരീക്ഷിക്കാൻ പോകുന്നത് എന്ന് ഏറെക്കുറേ ഉറപ്പാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ പടലപ്പിണക്കങ്ങളും തമ്മിൽത്തല്ലും ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വേണ്ടി യു.ഡി.എഫ്. ക്യാമ്പ് ഒന്നടങ്കം നിലകൊള്ളുമ്പോൾ തന്റെ ഇഷ്ടക്കാരനായ ജോയിക്ക് അവസരം നൽകണമെന്നും അല്ലാത്തപക്ഷം തോൽക്കുമെന്നും ഇടതുപാളയത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന മുൻ എം.എൽ.എ. പി.വി. അൻവര്‍ പറയുന്നു. എന്നാൽ ഇതിൽ യു.ഡി.എഫ്. ഇതുവരെ അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ല. 
        ഈ സാഹചര്യത്തിൽ യു.ഡി.എഫിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്നും അങ്ങിനെങ്കിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡോ. പി. സരിനെ മത്സരിപ്പിച്ചതുപോലെ ആര്യാടൻ ഷൗക്കത്തിനെ (യു.ഡി.എഫ്. വിട്ടുവരുന്നപക്ഷം) മത്സരിപ്പിക്കുന്നതിന്റെ സാദ്ധ്യതയാണ് അവര്‍ ആലോചിക്കുന്നത്. ഇടതൻമാരെ സംബന്ധിച്ചിടത്തോളെ നിലമ്പൂരിൽ വിന്നബിൾ ആയ ഒരു കാൻഡിഡേറ്റ് ഇല്ല. പാര്‍ട്ടിയിലെ ബന്ധങ്ങൾകൊണ്ട് പെട്ടെന്ന് പാര്‍ട്ടിക്കാരനായി വളര്‍ന്ന അൻവറായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി അവിടത്തെ പാര്‍ട്ടിയുടെ മുഖം. മറ്റൊരു നേതാവിനെ വളര്‍ത്താൻ സി.പി.എമ്മിന് സാധിച്ചതുമില്ല. ഈ സാഹചര്യത്തിൽ യു.ഡി.എഫിലെ കുളംകലക്കി മീൻ പിടിക്കുക എന്ന തന്ത്രമാണ് അവര്‍ പരീക്ഷിക്കാൻ സാദ്ധ്യത. അതുകൊണ്ട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാകും ഇടതുകാൻഡിഡേറ്റിനെ പ്രഖ്യാപിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. 
        ഇക്കാര്യത്തിൽ പിണറായി വിജയൻ നേരിട്ട് ചില ഇടപെടലുകൾ നടത്തുന്നതായും സൂചനയുണ്ട്. ഇക്കുറി നിലമ്പൂര്‍ കൈവിട്ടാൽ ഇടതുകക്ഷിനിലയിൽ ഒരു സീറ്റ് കുറവ് രേഖപ്പെടുത്തും. മാത്രമല്ല അൻവറുണ്ടാക്കിയ ഡാമേജ് പൊതുജനസമക്ഷം സ്ഥിരീകരിക്കപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിൽ ചില സൂപ്പര്‍സോണിക് നീക്കങ്ങൾ നടത്തി അട്ടിമറി സാദ്ധ്യമാണോ എന്നതും പിണറായി ക്യാമ്പ് പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി കോൺഗ്രസ് കഴിഞ്ഞിട്ട് ഇന്ന് ആദ്യമായി ചേരുന്ന സി.പി.എം. സംസ്ഥാനസെക്രട്ടറിയേറ്റിൽ ചില സാദ്ധ്യതകൾ പരിശോധിക്കാനും സാദ്ധ്യതയുണ്ട്. 

Photo Courtesy - Google

നിലമ്പൂര്‍ അങ്കം മുറുകിക്കൊണ്ടിരിക്കുന്നു...
ടെൻഷനടിച്ച് പണ്ടാരമടങ്ങി നേതാക്കൾ

11/06/2025  08:24 AM IST
അനീഷ് മോഹനചന്ദ്രന്‍
നേതാക്കൾ എയറിലാണ്
HIGHLIGHTS

താൻ ജീവിക്കണോ മരിക്കണോ എന്നതാണ് പി.വി. അൻവറിന് മുന്നിലുള്ള ചോദ്യം. ഇടതിനെ വെല്ലുവിളിച്ച് വലതിനെ വെറുപ്പിച്ച്.. ഒറ്റയ്ക്ക് പടപൊരുതി ജയിച്ചാൽ പിന്നെ.....

മലപ്പുറം : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇത് കന്നിഅങ്കം. അതുകൊണ്ട് വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചേ പറ്റൂ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇത് അഭിമാനപ്രശ്നം. അതുകൊണ്ട് ജയിച്ചേ പറ്റൂ. ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജിന് ഇത് രാഷ്ട്രീയഅസ്ഥിത്വത്തിന്റെ പ്രശ്നം. അതുകൊണ്ട് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പോലുമാകില്ല. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ സന്ധിയില്ല സമരം പ്രഖ്യാപിച്ച് പുറത്തുവന്നശേഷം ശേഷിക്കുന്ന ഏക അഭയകേന്ദ്രമായ യു.ഡി.എഫിനോട് കൊമ്പുകോര്‍ത്ത സ്വതന്ത്രൻ പി.വി. അൻവറിന് നിലമ്പൂര്‍ പോരാട്ടം ഒരേസമയം അഭിമാനത്തിന്റേയും നിലനിൽപ്പിന്റേയും പ്രശ്നമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ ഇങ്ങിനെ പോവുകയാണ്. 
         താൻ പ്രസിഡന്റ് സ്ഥാനത്തെത്തിയശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പിനെ നേരിടാൻ രാജീവ് ചന്ദ്രശേഖര്‍ ശരിക്കും പ്രിപ്പയേര്‍ഡ് പോലുമല്ല. എന്നിരുന്നാലും കഴിഞ്ഞതവണ ലഭിച്ച നാലുശതമാനം വോട്ടുവിഹിതം ഡബിൾ ഡിജിറ്റ് ആക്കിയാൽ മാത്രമേ തന്റെ മുന്നോട്ടുള്ളയാത്ര സുഗമമാകൂ എന്നദ്ദേഹത്തിനറിയാം. ഡബിൾ ആയില്ലെങ്കിലും കുറഞ്ഞപക്ഷം വോട്ടുവിഹിതം വര്‍ദ്ധിക്കണം. അതാണ് രാജീവിന് മുന്നിലെ വെല്ലുവിളി. എന്നാൽ, താൻ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത അൻവര്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് സതീശൻ ലക്ഷ്യമിടുന്നത് ഒരുവെടിക്ക് രണ്ടുപക്ഷിയാണ്. ഒന്ന് തന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതിലൂടെ അൻവറിന്റെ രാഷ്ട്രീയഭാവി എന്നെന്നേയ്ക്കുമായി ഇരുട്ടിലാക്കുക. രണ്ട് നിലമ്പൂരിൽ കൈക്കൊണ്ട ഉറച്ചതീരുമാനം ശരിയാണെന്ന് തെളിയിച്ച് മുഖ്യമന്ത്രി കുപ്പായം ഉറപ്പാക്കുക. 
        അതേസമയം, തൃപ്പൂണ്ണിത്തുറയിലെ ദയനീയ തോൽവിക്കുശേഷം എം. സ്വരാജിനെ പാര്‍ട്ടി പരീക്ഷിച്ചിരിക്കുന്നത് സ്വന്തം ജില്ലയിൽ തന്നെയാണ്. ഇക്കുറി നിലമ്പൂരിൽ തോറ്റാൽ സ്വന്തം നാട്ടിൽ തോറ്റവൻ എന്ന ചീത്തപ്പേരാകും സ്വരാജിന് ലഭിക്കുക. തുടര്‍ച്ചയായി രണ്ടുതോൽവികൾ വന്നാൽ 2026ൽ സ്വരാജ് അടഞ്ഞ അദ്ധ്യായമായി മാറും. പിന്നെ ഏതെങ്കിലും താത്വികകസേരയിൽ ഒതുങ്ങിക്കൂടി കാലം കഴിക്കേണ്ട ദുരവസ്ഥയാകും അദ്ദേഹത്തിന് വന്നുചേരുക. തന്റെ മരുമകന് വളരാൻ വേണ്ടി പിണറായി സ്വരാജിനെ ഒതുക്കുന്നു എന്ന ആക്ഷേപത്തിന് കുറച്ചധികം പഴക്കമുണ്ട്. പ്രസ്തുത ആക്ഷേപത്തെ സമകാലികസാഹചര്യത്തിലേക്ക് ചേര്‍ത്തുവായിച്ചാൽ സ്വരാജിന് ഭയക്കാൻ പലതുണ്ട് കാരണങ്ങൾ. 
        താൻ ജീവിക്കണോ മരിക്കണോ എന്നതാണ് പി.വി. അൻവറിന് മുന്നിലുള്ള ചോദ്യം. ഇടതിനെ വെല്ലുവിളിച്ച് വലതിനെ വെറുപ്പിച്ച് ഒറ്റയ്ക്ക് പടപൊരുതി ജയിച്ചാൽ പിന്നെ കേരളരാഷ്ട്രീയത്തിൽ അൻവറിന്റെ വില അൻവറിന് തന്നെ നിശ്ചയിക്കാം. എന്നാൽ തോറ്റാൽ അദ്ദേഹത്തിന്റെ ഭാവി അവിടെ തീര്‍ന്നു. ഇടതിനും വലതിനും അൻവര്‍ എന്ന നേതാവ് എടുക്കാച്ചരക്കാകും. തുടര്‍ന്നങ്ങോട്ട് ശോഭനമാകില്ല അദ്ദേഹത്തിന്റെ ഭാവി. ഇത് മറ്റാരെക്കാളും നന്നായി അൻവറിന് തന്നെ അറിയാം. അതുകൊണ്ട് അൻവറിന് ജയത്തിൽകുറച്ചൊന്നും പ്രതീക്ഷിക്കാനില്ല. എന്നിരുന്നാലും ഒരു പ്ലാൻ ബി എന്ന നിലയിൽ അൻവര്‍ ചില പിൻവാതിൽ നീക്കങ്ങൾ മുസ്ലീംലീഗ് വഴി നടത്തുന്നുണ്ട് എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. ഏതായാലും നിലമ്പൂരിന്റെ മനസ്സ് അറിയാൻ 23 വെര കാത്തിരുന്നേ മതിയാകൂ. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img