04:05pm 09 November 2026
NEWS
മോനേ ദേ ആ ചെറിയേ... സ്പാനര്‍
ഇങ്ങെടുത്തേ, ഇപ്പം ഒഴിവാക്കിത്തരാം !

21/05/2025  02:45 PM IST
News Bureau
എല്ലാം ഒപ്പിപ്പ് ?
HIGHLIGHTS

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അധികൃതര്‍ ടാറിട്ട് എല്ലാം മറച്ചുപിടിച്ച് ശരിയാക്കിയിട്ടുണ്ട്. പക്ഷേ, നാളെ ഇതാവര്‍ത്തിക്കില്ല എന്ന് ഒരുറപ്പും അവര്‍ക്കില്ല... 

തിരുവനന്തപുരം : ദേശീയപാത അതോറിട്ടിക്ക് കഷ്ടകാലമാണ്. ഒന്നിനുപുറകേ ഒന്നായി വിവാദങ്ങളും ചീത്തപ്പേരും. പ്രോജക്ടുകളിലെ മെല്ലപ്പോക്കിനും കെടുകാര്യസ്ഥതയ്ക്കും കോടതിയിൽ നിന്നുള്ള വിമര്‍ശം വേറെ. ഇതെല്ലാം അവഗണിച്ച് മുന്നോട്ടുപോകാമെന്ന് വെച്ചാൽ ജനങ്ങളുടെ പ്രതിഷേധവും പ്രതിരോധവും ഒരുഭാഗത്ത്. മറുഭാഗത്ത് മാദ്ധ്യമങ്ങളിൽ തുടരെത്തുടരെ വരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകൾ. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ സ്ഥാപനത്തിന്റെ നിലനിൽപ്പുതന്നെ ചോദ്യചിഹ്നമാകുന്ന അവസ്ഥയിലേക്ക് ചെന്നെത്തുമെന്നും അവര്‍ ഭയക്കുന്നു.
         മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന എൻ.എച്ച്. 66ന്റെ ഒരുഭാഗം ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് വീണത് വലിയക്ഷീണമാണ് ദേശീയപാത അതോറിട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്. അതിന് പിന്നാലെ ഇന്ന് കണ്ണൂരിലും ജനങ്ങൾ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകതചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെ തൃശൂര്‍ ചാവക്കാട് ഭാഗത്തും ഇന്ന് റോഡിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അധികൃതര്‍ ടാറിട്ട് എല്ലാം മറച്ചുപിടിച്ച് ശരിയാക്കിയിട്ടുണ്ട്. പക്ഷേ, നാളെ ഇതാവര്‍ത്തിക്കില്ല എന്ന് ഒരുറപ്പും അവര്‍ക്കില്ല. കേരളത്തിലെ ദേശീയപാതയുടെ പ്രോജക്ട് ഡയറക്ടറെ കേന്ദ്രം ഡെൽഹിക്ക് വിളിപ്പിച്ചതായാണ് അറിയാൻ സാധിക്കുന്നത്. 
       തങ്ങൾക്ക് ഏറെ പൊളിറ്റിക്കൽ താത്പര്യങ്ങളുള്ള കേരളത്തിൽ സംഭവിക്കുന്ന ഒരുപിഴവും അംഗീകരിക്കാനാകില്ല എന്നാണ് കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ നിലപാട്. അതേസമയം, പാരിസ്ഥിതിക അനുമതിപോലുമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുകയും ജനങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം യഥാസമയം നൽകാതിരിക്കുകയും ചെയ്യുന്ന ദേശീയപാത അതോറിട്ടിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അതിരൂക്ഷമായ ഭാഷയിലായിരുന്നു കോടതിയുടെ വിമര്‍ശം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img